സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വി ആര്‍ പ്രേംകുമാറിനെ മാറ്റിയതില്‍ ഐഎഎസുകാര്‍ക്കിടയില്‍ പ്രതിഷേധം

സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വി ആര്‍ പ്രേംകുമാറിനെ മാറ്റിയതില്‍ ഐഎഎസുകാര്‍ക്കിടയില്‍ പ്രതിഷേധം. സ്ഥാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍ അവധിയില്‍ പോകുമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു പ്രഖ്യാപിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐഎഎസിലെ യുവനിരയിലും പ്രതിഷേധം പടരുകയാണ്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് വി ആര്‍ പ്രേംകുമാറിനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനെതിരെ ഡോ.വി വേണു ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തീരുമാനം മാറ്റിയില്ലെങ്കില്‍ അവധിയില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു ഡോ.വി വേണുവിന്റെ ആവര്‍ത്തിച്ചുള്ള അവധിപ്രഖ്യാപനം.

ഐഎഎസ് യുവനിരയിലും പ്രേംകുമാറിന്റെ സ്ഥാനമാറ്റത്തില്‍ കടുത്ത അതൃപ്തി തുടരുകയാണ്. ജൂനിയര്‍ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് നീതീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ഉദ്യോഗസ്ഥരെ കുറഞ്ഞത് രണ്ടുവര്‍ഷം ഒരുപദവിയില്‍ ഇരുത്തണമെന്ന 2014 ലെ വിജ്ഞാപനം സര്‍ക്കാര്‍ പാലിക്കുന്നില്ല. കേഡര്‍ മാനേജ്മെന്റില്‍ ചീഫ് സെക്രട്ടറി ദയനീയ പരാജയമാണെന്നും ഉദ്യോഗസ്ഥര്‍ക്കിടയിലെ ചര്‍ച്ചയില്‍ വിമര്‍ശനമുയരുന്നുണ്ട്.

മാസങ്ങള്‍ക്കുമുന്‍പ് മാത്രം നിയമിച്ച ഉദ്യോഗസ്ഥനെ മാറ്റുന്നതിലെ പ്രകോപനം എന്താണെന്നായിരുന്നു തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോ.വി വേണു ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിലെ ചോദ്യം.

Story Highlights: IAS Officers,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top