കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: പങ്കെടുത്തവർക്കെതിരെ കടുത്ത നടപടി

കെഎസ്ആർടിസി മിന്നൽ പണിമുടക്ക് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ജില്ലാ കലക്‌ടർ നാളെ സർക്കാരിന് സമർപ്പിച്ചേക്കും. പങ്കെടുത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് സൂചന. ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ ബസ് നിർത്തിയിട്ട ജീവനക്കാരുടെ പട്ടിക പൊലീസ് കലക്ടർക്ക് കൈമാറി.

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്കിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്. സംഭവം നടന്ന കിഴക്കേകോട്ടയിലെ ബസ് സ്റ്റാൻഡിലും, ഫോർട്ട് പൊലീസ് സ്റ്റേഷനിലും ഇന്നലെ ജില്ലാ കലക്‌ടർ കെ ഗോപാലകൃഷ്ണൻ നേരിട്ടെത്തി മൊഴികൾ ശേഖരിച്ചിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

ബസ്സുകൾ കൂട്ടത്തോടെ റോഡിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ച് കലക്ടർക്ക് കൈമാറി. ഇവരുടെ ലൈസൻസ് റദ്ദാക്കലടക്കമുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നാണ് സൂചന. കലക്ടറുടെ അന്തിമ റിപ്പോർട്ടിന് ശേഷമാകും നടപടിയുണ്ടാവുക. അന്തിമ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

പല പരാതികളിലായി ഇതിനകം 6 കേസുകളാണ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുള്ളത്. മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞു വീണ സുരേന്ദ്രന്‍റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്.

മിന്നൽ പണിമുടക്കിനെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം കലക്‌ടർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നും കലക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം പണിമുടക്കിനെതിരെഎസ്മ നിയമ പ്രകാരം കേസെടുത്തതായി സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. സമരക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.

Story Highlights: ksrtc strike participants may face serious action

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top