തൊഴിലുടമയുടെ പീഡനം; ഹരിദാസിന് സഹായവുമായി മമ്മൂട്ടി

മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിന് ഇരയായ ഹരിപ്പാട് സ്വദേശി എസ് ഹരിദാസിന് സഹായവുമായി മമ്മൂട്ടി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ആശുപത്രിയാണ് സഹായഹസ്തവുമായി എത്തിയത്. പൊള്ളൽ സംബന്ധിച്ച മുഴുവൻ ചികിത്സയും യാത്രാ ചെലവുകളും വഹിക്കുമെന്ന് സ്ഥാപന ഡയറക്ടർ ഡോ. ജ്യോതിഷ് കുമാർ പറഞ്ഞു. ഹരിദാസിൻ്റെ വാർത്ത അറിഞ്ഞ മമ്മൂട്ടിയും ജ്യോതിഷ് കുമാർ തമ്മിൽ നടന്ന ചർച്ചക്ക് ശേഷമായിരുന്നു ഈ തീരുമാനം.

ഹരിദാസിൻ്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ആം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ അവസാനിച്ചു കഴിഞ്ഞ ഉടൻ ചികിത്സയ്ക്ക് പോകാനാണ് ഹരിദാസിൻ്റെയും കുടുംബത്തിൻ്റെയും തീരുമാനം. കുറ്റിപ്പുറത്തും കൊച്ചി പനമ്പള്ളി നഗറിലുമാണ് പതഞ്ജലിയുടെ ആശുപത്രികൾ. ഇതിൽ എവിടെയെങ്കിലുമാവും ചികിത്സ.

കഴിഞ്ഞ ദിവസം നോർക്ക ഉദ്യോഗസ്ഥർ ഹരിദാസിന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. പ്രവാസികൾക്കുള്ള സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നോർക്ക ഉറപ്പു നൽകിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അപേക്ഷ അധികൃതർ പൂരി‍പ്പിച്ചു വാങ്ങിയിട്ടുണ്ട്.

ഒരു മാസത്തിലധികം നീണ്ട പീഡനങ്ങൾക്കും ദുരിതങ്ങൾക്കുമൊടുവിലാണ് ഹരിദാസ് മലേഷ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ജനുവരി 28 നാണ് തൊഴിലുടമ ഹരിദാസിനേയും സഹപ്രവർത്തകനായ ഉത്തരേന്ത്യൻ സ്വദേശിയേയും കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയത്. പണം മോഷ്ടിച്ചു എന്ന് സമ്മതിക്കണം എന്ന് പറഞ്ഞായിരുന്നു ക്രൂര മർദനം. തലയിലും ശരീരത്തിലും പട്ടിക ഉപയോഗിച്ച് തല്ലിയശേഷമാണ് പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശരീരം മുഴുവൻ പൊളളിച്ചതെന്നും ഹരിദാസ് പറഞ്ഞു.

നാല് വർഷം മുൻപാണ് ബാർബർ ജോലിക്കായി ഹരിദാസൻ മലേഷ്യയിലേക്ക് പോയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തികൊണ്ടുത്തത്. ആറ് മാസം കൂടുമ്പോൾ നാട്ടിലേക്ക് പണം അയച്ചിരുന്നു. കുടുംബവുമായി ഫോണിലൂടെ സംസാരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, പിന്നീട് അവസ്ഥ മാറി. ശമ്പളം കിട്ടുന്നില്ലെന്നും തൊഴിൽ ഉടമ ക്രൂരപീഡനത്തിന് ഇരയാക്കുന്നതായും ഹരിദാസൻ ഭാര്യയെ അറിയിച്ചു. പാസ്പോർട്ട് അടക്കം രേഖകളും തൊഴിലുടമ കൈവശം വച്ചിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ യാതൊരു വഴിയുമില്ലാതെ വന്നതോടെയാണ് രാജശ്രീ നോർക്കയെ സമീപിച്ചത്. നോർക്ക ഇടപെട്ടാണ് ഹരിദാസനെ മോചിപ്പിച്ചത്.

Story Highlights: Medical Clinic in Which Mammootty is Director to help Haridas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top