Advertisement

നാടകത്തിൽ രാജ്യദ്രോഹമില്ലെന്ന് കോടതി; കർണാടക സ്കൂൾ അധികൃതർക്ക് മുൻകൂർ ജാമ്യം

March 6, 2020
Google News 2 minutes Read

കർണാടകയിലെ ബിദറിലെ ഷഹീൻ പ്രൈമറി സ്കൂളിൽ അവതരിപ്പിച്ച നാടകത്തിൽ രാജ്യദ്രോഹമില്ലെന്ന് ജില്ലാ സെഷൻസ് കോടതി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് എന്ന് നിരീക്ഷിച്ച കോടതി സ്കൂളിലെ അഞ്ച് മാനേജ്മെന്റ് പ്രതിനിധികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. നാടകം സാമൂഹികമാധ്യമങ്ങളിലൂടെ സ്ട്രീം ചെയ്ത പ്രാദേശിക മാധ്യമപ്രവർത്തകൻ മുഹമ്മദ് യൂസുഫ് റഹീമിനും കോടതി ജാമ്യം അനുവദിച്ചു.

ഷഹീൻ ​ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റ് അബ്ദുൽ ഖദീർ, പ്രധാനാധ്യാപകൻ അലാവുദ്ദീൻ എന്നിവർക്കൊപ്പം മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ മറ്റ് മൂന്നു പേർക്ക് കൂടി കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതേ കേസിൽ ജയിലിൽ അടക്കപ്പെട്ട പ്രഥാനാധ്യാപിക ഫരീദ ബീ​ഗം, നാടകത്തിൽ അഭിനയിച്ച കുട്ടിയുടെ മാതാവ് നജിബുന്നിസ എന്നിവർക്ക് ഫെബ്രുവരി 14ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാജ്യദ്രോഹക്കേസ് എടുക്കാൻ തക്കതായ കാരണങ്ങൾ നാടകത്തിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന് മാത്രമാണ് നാടകത്തിലൂടെ കുട്ടികൾ കാണിച്ചത്. ആ സംഭാഷണത്തിൽ രാജ്യത്തിനെതിരായ ഒന്നും തന്നെയില്ല. രാജ്യത്തുടനീളം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നു. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ മുസ്ലിങ്ങൾ രാജ്യം വിടേണ്ടി വരുമെന്നാണ് നാടകത്തിൽ സൂചിപ്പിച്ചത്. മറ്റ് മതങ്ങളെപ്പറ്റി നാടകത്തിൽ പരാമർശിച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ മതസ്പർദ്ധ വളർത്തുന്നു എന്ന് കണക്കാക്കാൻ കഴിയില്ലെന്നും ജില്ലാ ജഡ്ജി മങ്കോളി പ്രേമാവതി നിരീക്ഷിച്ചു. കലാരംഗത്ത് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സ്കൂളാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.

നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികൾ അഭിനയിച്ച നാടകം ജനുവരി 21 നാണ് അവതരിപ്പിച്ചത്. തുടർന്ന് നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നീലേഷ് റഷ്യാൽ എന്ന സാമൂഹ്യ പ്രവർത്തകന്റെ പരാതിന്മേലാണ് പൊലീസ് കേസെടുത്തത്. നാടകത്തിൽ അഭിനയിച്ച കുട്ടികളെ പലതവണ ചോദ്യം ചെയ്ത നടപടി നേരത്തെ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Story Highlights: Bidar court says no sedition in school play, grants bail to all

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here