കൊറോണ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ടി പി സെൻകുമാറിനോട് ആരോഗ്യമന്ത്രി

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കില്ലെന്ന സെൻകുമാറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ചൂട് പ്രദേശങ്ങളിൽ കൊറോണ വൈറസ് ഉണ്ടാകില്ല എന്നതിന് സ്ഥീരീകരണമില്ല. ശൈത്യ മേഖലയിലും ഉഷ്ണമേഖലയിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെൻകുമാർ ആരോഗ്യ വിദഗ്ധനല്ല. എംബിബിഎസ് ബിരുദവുമില്ല. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്ന ആളെന്ന നിലയിൽ അഭിപ്രായങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ചൂടിൽ കൊറോണ വൈറസ് നിലനിൽക്കില്ലെന്നായിരുന്നു സെൻകുമാറിന്റെ വാദം.
കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ കൊറോണ സ്ഥീരികരിച്ചവർ നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയോടെയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചത്. റാന്നി സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്