എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍ ; സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 25 രൂപ രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഇവിടെ 10 ശതമാനം ഊണ് സൗജന്യമായി നല്‍കും. ഇതിനുള്ള അരി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി ലഭ്യമാക്കും. ജനകീയ ഹോട്ടല്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ വിലയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടല്‍ തുടങ്ങുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജനകീയ ഹോട്ടല്‍ പദ്ധതി പഞ്ചായത്തുകളും നഗരസഭകളും ഈ പദ്ധതി നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പഞ്ചായത്തുകളിലും ചെറിയ ഗ്രാമസഭകളിലും ഒരു ജനകീയ ഹോട്ടല്‍ നിര്‍ബന്ധമായും ഉണ്ടാകണം. വലിയ നഗരസഭകളില്‍ 10 വാര്‍ഡിന് ഒന്ന് എന്ന കണക്കില്‍ ജനീകയ ഹോട്ടല്‍ തുടങ്ങണം.
ഇതിനുവേണ്ട തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം. തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്തു കൊടുക്കണം. കെട്ടിടത്തിന്റെ വാടക, വൈദ്യുതി നിരക്ക്, വാട്ടര്‍ ചാര്‍ജ്, പാത്രങ്ങള്‍ എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കണം. ഗ്രാമപ്രദേശത്ത് പതിനായിരം രൂപ ജില്ലാ പഞ്ചായത്തും 20000 രൂപ ബ്ലോക്ക് പഞ്ചായത്തും നഗരത്തില്‍ 30000 രൂപ നഗരസഭയും തുടക്കത്തില്‍ തന്നെ നല്‍കണം. അരി 10.90 രൂപ നിരക്കില്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും നല്‍കും. ഊണിന് അഞ്ചു രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Story Highlights- Janakeeya hotel, every panchayat, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here