മരക്കാർ ലോ കോസ്റ്റ് ട്രെയിലർ; വൈറലായി ട്രോൾ വീഡിയോ

പ്രിയദർശൻ അണിയിച്ചൊരുക്കി മോഹൻലാൽ നായകനാവുന്ന ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലർ വളരെ വേഗത്തിൽ വൈറലായി. ഇതേ തുടർന്ന് ട്രെയിലറിൻ്റെ ലോക് കോസ്റ്റ് വെർഷനും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പ്രമുഖ ട്രോളൻ അതുൽ സജീവ് ഒരുക്കിയ ലോ കോസ്റ്റ് ട്രെയിലറാണ് ചിരി പടർത്തി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പഴയ മലയാള സിനിമകളിലെ സീനുകൾ ചേർത്തുവെച്ച് അതിവിദഗ്ധമായാണ് ലോ കോസ്റ്റ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മരക്കാർ ട്രെയിലറിലെ ഓരോ സീനുകൾക്കും അനുയോജ്യമായ കോമഡി രംഗങ്ങൾ ചേർത്തുവച്ച് തയ്യാറാക്കിയ ട്രെയിലർ ട്രോൾ ഗ്രൂപ്പായ ഇൻ്റർനാഷണൽ ചളു യൂണിയനിലാണ് അതുൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന മരക്കാറിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാറിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാർ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. ഇവർക്കൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്‌നം, മഞ്ജു വാര്യർ, സംവിധായകൻ ഫാസിൽ, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു.

ലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എ ക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രാഹുൽ രാജ് പശ്ചാത്തല സംഗീതം നിർവഹിക്കും.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 26ന് പ്രദർശനത്തിനെത്തും.

Story Highlights: Marakkar movie low cost troll trailer viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top