യെമൻ കടന്നുപോകുന്നത് നിർണായക ഘട്ടത്തിലൂടെ: ഐക്യരാഷ്ട്രസഭ

ആഭ്യന്തര യുദ്ധം തകർത്ത യെമൻ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭ. കടുത്ത ഏറ്റുമുട്ടലുകളെ തുടർന്ന് അൽ ജാഫിൽ നിന്ന് പതിനായിരക്കണക്കിനാളുകൾ പലായനം ചെയ്ത പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
യെമൻ ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒന്നുകിൽ തോക്കുകളെ നിശബ്ദമാക്കി രാഷ്ട്രീയ പ്രക്രിയ പു:നസ്ഥാപിക്കാം. അതല്ലെങ്കിൽ വലിയ ഏറ്റുമുട്ടലുകളിലേക്ക് തിരിയാമെന്ന് യെമനിലെ ഐക്യരാഷ്ട്രസഭാ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിപ്പിച്ചേ മതിയാകൂ. സൈന്യത്തിന്റെ സാഹസികതയും പ്രവിശ്യകൾ പിടിച്ചടക്കാനുള്ള വിമതരുടെ ദാഹവും വ്യർത്ഥമാണ്. അത് യെമനെ ഏറെ വർഷം നീണ്ടുനിൽക്കുന്ന വലിയ യുദ്ധത്തിലേക്ക് തള്ളിവിടുകയേയുള്ളൂവെന്നും മാർട്ടിൻ ഗ്രിഫിത്ത്‌സ് മുന്നറിയിപ്പ് നൽകി.
കടുത്ത ഏറ്റുമുട്ടലുകളെ തുടർന്ന് ഈ മാസം ആദ്യം ഹൂതി വിമതർ യെമനിലെ പ്രവിശ്യാ തലസ്ഥാനമായ അൽ ഹാസം പിടിച്ചെടുത്തിരുന്നു. സമാധാന പ്രതീക്ഷകളുയർത്തി, ഒരു മാസത്തോളം അക്രമങ്ങൾക്ക് ഇടവേള നൽകിയ ശേഷമായിരുന്നു ഇത്. വടക്കൻ യെമനിലെ അൽ ജാഫിൽ കടുത്ത ഏറ്റുമുട്ടലുകളെ തുടർന്ന് പതിനായിരക്കണക്കിനാളുകളാണ് പലായനം ചെയ്ത് മാരിബ് പ്രവിശ്യയിലേയ്ക്ക് പോയതെന്ന് റെഡ് ക്രോസിന്റെ കണക്കുകളിൽ പറയുന്നു. ഇവിടെ എഴുപതിനായിരത്തോളം ആളുകൾക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചെന്നും റെഡ്് ക്രോസ് പറഞ്ഞു.
Yemen, united nations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here