കൊവിഡ്-19; മലപ്പുറത്ത് 73 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് വീണ്ടും കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ വിവിധ വകുപ്പുകളുമായി ചേർന്നുള്ള മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. ജില്ലയിലിപ്പോൾ 73 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 15 പേർ ഐസൊലേഷൻ വാർഡിലും 58 പേർ വീടുകളിലുമാണ്. ഇന്നലെ16 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ നിന്ന് വിദഗ്ധ പരിശോധനക്ക് അയച്ച 76 സാമ്പിളുകളിൽ 58 പേരുടെ ഫലം ലഭിച്ചു. ഇതിലാർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സകീന അറിയിച്ചു. ജില്ലയിൽ ഇതുവരെ നിരീക്ഷണം ഏർപ്പെടുത്തിയത് 564 പേർക്കാണ്. ഇവരിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് 491 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
കൊച്ചിയിൽ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ്. ഇറ്റലിയിൽ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവർ കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇറ്റലിയിൽ നിന്ന് ദുബായിലേക്ക് എത്തി, അവിടെ നിന്ന് കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനൊപ്പം മാതാപിതാക്കളെയും കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എയർപോർട്ടിൽ വച്ച് തന്നെ കുഞ്ഞിനെയും മാതാപിതാക്കളെയും സ്‌ക്രീനിംഗിന് വിധേയരാക്കിയിരുന്നു. കുഞ്ഞിന് പനി ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരളത്തിൽ എത്തിയശേഷം ഇവർ മറ്റ് ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ ആറ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
covid-19, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here