കൊവിഡ് 19: ക്ഷേത്ര ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും വിലക്ക്; പത്തനംതിട്ടയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങൾക്കും മറ്റ് പൊതുപരിപാടികൾക്കും ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തി. കൂടാതെ ആളുകൾ കൂടാൻ സാധ്യതയുള്ള പൊതുപരിപാടികൾ ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

പത്തനംതിട്ട ജില്ലയിൽ വരും ദിവസങ്ങളിൽ മതപരമായ ആഘോഷ ചടങ്ങുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മത സാമൂഹിക നേതാക്കളുടെ അടിയന്തര യോഗം കലക്ടർ പിബി നൂഹ് വിളിച്ച് ചേർത്തത്. കൊവിഡ് 19 ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ വിശദീകരിച്ചു. ജില്ലയിൽ ഇത് വരെ 11 പേരെയാണ് വിവിധ ആശുപത്രികളിലായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 31 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 5 ഫലങ്ങൾ മാത്രമാണ് പോസിറ്റീവ്. ബാക്കിയുള്ളവയിൽ 17 ഫലങ്ങൾ നെഗറ്റീവാണ്. 9 പേരുടെ ഫലങ്ങൾ ലഭിക്കാനുണ്ട്. രോഗം പടരുന്നത് പരമാവധി തടയാനുള്ള എല്ലാ മുന്നൊരുക്കളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു.

നിലവിൽ മൂന്ന് ദിവസത്തേക്കാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി പിന്നീട് ഇത് നീട്ടണമോ എന്ന കാര്യം പരിശോധിക്കും. അതേസമയം നാളെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. പരീക്ഷകള്‍ മാറ്റിവെക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. അത് കൊണ്ട് തന്നെ പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേകം പരീക്ഷ എഴുതിക്കാനാണ് നിലവിലെ തീരുമാനം.

അതേ സമയം കോവിഡ് 19 നെ പറ്റി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: covid 19 heavy caution at pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top