കൊവിഡ് 19: ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ റിലീസ് മാറ്റിവച്ചു

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ റിലീസ് മാറ്റിവച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ തോമസ് തന്നെയാണ് വിവരം അറിയിച്ചത്. കൂട്ടായ്മകൾ ഒഴിവാക്കുക എന്നതാണ് കൊവിഡ് 19 വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എന്ന് കുറിച്ച ടൊവിനോ നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും എന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്:
COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട്
നമ്മുടെ പുതിയ സിനിമ –
“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.
ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും.
ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം..
നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്.
രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി അണിയിച്ചൊരുക്കുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആൻ്റോ ജോസഫ്, റംഷി അഹ്മദ്, ടൊവിനോ തോമസ്, സിനു സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സിനു സിദ്ധാർത്ഥ് തന്നെയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങൾ ഒരുക്കുമ്പോൾ സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒരു റോഡ് മൂവി ആണ്.
അമേരിക്കൻ നടിയായ ഇന്ത്യ ജാർവിസ് ആണ് ചിത്രത്തിലെ നായിക. ഇന്ത്യ സന്ദർശിക്കാനെത്തിയ അമേരിക്കൻ വനിതയും അവർക്കൊപ്പം ചേരുന്ന മലയാളി യുവാവും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ഇന്ത്യയിലുടനീളം 36 ദിവസങ്ങളോളം സിനിമാ സംഘം യാത്ര ചെയ്തിരുന്നു.
Story Highlights: covid 19 kilometres and kilometres release postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here