ജസ്പ്രീത് സിംഗിന്റെ മരണം: അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങൾ

മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി ജസ്പ്രീത് സിംഗിൻ്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങൾ. ജസ്പ്രീത് സിംഗിൻ്റെ കുടുംബത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു സിൻഡിക്കേറ്റിന്റെ പ്രതികരണം. അതേസമയം ജസ്പ്രീതിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതി കോഴിക്കോട് ടൗൺ സി.ഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

കാലിക്കറ്റ് സർവ്വകലാശാല പരാതി പരിഹാര സെൽ ഹിയറിങ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ജസ്പ്രീതിൻ്റെ വീട്ടിലെത്തിയത്. സിൻഡിക്കേറ്റ് അംഗങ്ങളുടെയും, യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ നേത്യത്വത്തിലുള്ള സംഘമാണ് കോഴിക്കോട്ടെ ജസ്പ്രീതിന്റെ വീട്ടിൽ എത്തിയത്. ജസ്പ്രീതിന്റെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവർ കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞു. ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറെ ഗൗരവപൂർവം പരിഗണിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി

മതിയായ ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത മനോ വിഷമത്തെ തുടർന്നായിരുന്നു ജസ്പ്രീത് ആത്മഹത്യ ചെയ്തത്. മരണത്തിൽ കോളജിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത് എത്തിയിരുന്നു. മരണത്തിന് കാരണം കോളജ് അധികൃതർ ആണെന്ന് ചൂണ്ടിക്കാട്ടി ജസ്പ്രീതിന്റെ കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അന്വേഷണ ചുമതലയുള്ള ടൗണ് സി ഐ എ ഉമേഷ് ജസ്പ്രീതിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു.

നേരത്തെ, ജസ്പ്രീത് സിംഗിന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നൽകിയിരുന്നു. അധ്യാപകരുടെ മോശമായ പെരുമാറ്റമാണ് ജസ്പ്രീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഗവർണറോട് പറഞ്ഞു. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്താനായി ഇടപെടണമെന്നും കുടുംബം ഗവർണറോട് അഭ്യർത്ഥിച്ചു.

Story Highlights: jaspreet singh calicut university syndicate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top