Advertisement

കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

March 9, 2020
Google News 1 minute Read

കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഇറ്റലിയില്‍ നിന്ന് ദുബായിലേക്ക് എത്തി, അവിടെ നിന്ന് കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനൊപ്പം മാതാപിതാക്കളെയും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ കുഞ്ഞിനെയും മാതാപിതാക്കളെയും സ്‌ക്രീനിംഗിന് വിധേയരാക്കിയിരുന്നു. കുഞ്ഞിന് പനി ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ എത്തിയശേഷം ഇവര്‍ മറ്റ് ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കുഞ്ഞിനാണ് ആദ്യം പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചതോടെയാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കള്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. ദുബായി – കൊച്ചി ഇകെ 530 എന്ന വിമാനത്തില്‍ ഈ മാസം ഏഴിനാണ് ഇവര്‍ നാട്ടിലെത്തിയത്. ഈ വിമാനത്തില്‍ യാത്രചെയ്തവര്‍ അടിയന്തരമായി ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കളുടെ പരിശോധനാ ഫലം കൂടി വരേണ്ടതുണ്ട്. കടുത്ത രോഗ ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ക്ക് ഇല്ല. കുഞ്ഞുമായി സമ്പര്‍ക്കത്തിലായിരുന്നതിനാല്‍ ഇവരും നിരീക്ഷണത്തിലാണ്.

Story Highlights: Covid 19, coronavirus, Corona virus infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here