പനിയുമായി എത്തിയ ആൾ ഖത്തറിലേക്ക് മടങ്ങി; വിമാനത്താവളത്തിൽ എന്താണ് നടക്കുന്നതെന്ന് ഡോക്ടർ ഷിനു ശ്യാമളൻ

പനിയുമായി ചികിത്സ തേടിയ ആൾ ഖത്തറിലേക്ക് മടങ്ങിപ്പോയതായി വിവരം ലഭിച്ചെന്ന് ഡോക്ടർ ഷിനു ശ്യാമളൻ. അളിയനാണ് ഇക്കാര്യം അറിയിച്ചതെന്നും ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാൻ വിമാനത്താവളത്തിൽ അനുവദിക്കുമോ എന്ന് ഡോക്ടർ ചോദിക്കുന്നു. ജനുവരി അവസാനം നാട്ടിൽ വന്ന ഇയാൾ കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി-ആഗ്ര സന്ദർശിച്ചിരുന്നു. കടുത്ത പനിയുള്ള ആൾ ഇന്ന് നാട് വിട്ടു പോയെന്നാണ് അറിഞ്ഞത്. വിമാനത്താവളത്തിൽ എന്താണ് പരിശോധിക്കുന്നതെന്നും ഡോക്ടർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അയാൾ ഇന്ന് ഫ്‌ലൈറ്റിന് പോയത്രെ. അയാളുടെ അളിയൻ പറയുന്നു. നല്ല പനിയുള്ള ആളെ ഇങ്ങനെ ഖത്തറിലേക്ക് പോകുവാൻ ഒക്കെ എയർപോർട്ടിൽ അനുവദിക്കുമോ?
ജനുവരി അവസാനം നാട്ടിൽ വന്നു. ഈ കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി- ആഗ്ര (ഒരുപാട് വിദേശികൾ വരുന്ന സ്ഥലങ്ങളല്ലേ) സന്ദർശിച്ചു കടുത്ത പനിയുള്ള ആൾ ഇന്ന് നാട് വിട്ടു പോയത്രെ. എയർപോർട്ടിൽ എന്താണ് പിന്നെ ചെക്ക് ചെയ്യുന്നത്? പനിയുണ്ടോ എന്ന് നോക്കില്ലേ?
ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ആൾ പനിക്ക് ചികിത്സ തേടി സമീപിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ ഷിനു ശ്യാമളൻ ഇന്നലെ പങ്കുവച്ചിരുന്നു. രോഗി ഖത്തറിൽ നിന്ന് തിരിച്ചെത്തിയ തീയതി പറഞ്ഞതിൽ വ്യക്തത കുറവുണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്.
അഡ്രസ് ചോദിച്ചപ്പോൾ സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതൽ ഒന്നും പറയാൻ അയാൾ തയ്യാറായില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഖത്തറിൽ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പിൽ അറിയിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഡോക്ടർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here