പത്തനം തിട്ടയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ രണ്ട് പേർക്കു കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. 9 പേരുടെ ശരീര സ്രവങ്ങളാണ് പരിശോധനക്ക് അയച്ചിരുന്നത്. ഇതിൽ രണ്ട് പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ ജില്ലയിൽ ഏഴ് കൊവിഡ് 19 കേസുകളായി. സംസ്ഥാനത്ത് ആകെ എട്ട് കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് പേർക്കാണ് ഇപ്പോൾ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിൽ നിന്നെത്തിയവർ ഇവരുട്ടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്തു. തുടർന്ന് ഇവരെ നിരീക്ഷണത്തിനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ഇപ്പോൾ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

739 പേരാണ് ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. ഇവരൊക്കെ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലായിരുന്നു. ഏറ്റവും അടുത്ത ബന്ധം പുലർത്തിയത് 60ൽ താഴെ ആളുകളാണ്. ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകൾ ആരോഗ്യ വകുപ്പ് എടുത്തിട്ടുണ്ട്.

കൊവിഡ് 19 രോഗ ബാധ സംശയത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1116 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മന്ത്രി വ്യക്തമാക്കി. ബാക്കിയുള്ള പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിതായും മന്ത്രി അറിയിച്ചു.

Story Highlights: 2 Covid 19 poitive case in pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top