Advertisement

കൊറോണ; കർശന ജാഗ്രത തുടരും; ഒന്നിച്ചുനിന്ന് നേരിടണമെന്ന് മുഖ്യമന്ത്രി

March 10, 2020
Google News 0 minutes Read

കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പൊതുപരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കും. ആൾക്കൂട്ട ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊറോണ സംശയത്തിൽ 1116 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. ശക്തമായ ഇടപെടൽ വേണം. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അംഗൻവാടി മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ മാർച്ച് മാസം പൂർണമായി അടച്ചിടും. അംഗൻവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകണം. 8,9,10 ക്ലാസുകൾക്ക് പരീക്ഷ നടക്കും. എസ്എസ്എൽസിക്കുള്ള ജാഗ്രത മറ്റ് പരീക്ഷകളിലും പുലർത്തും. പരീക്ഷ എഴുതാൻ വരുന്നവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ പ്രത്യേക മുറി ഒരുക്കും. സിബിഎസ്ഇയ്ക്കും മറ്റ് സിലബസുകൾക്കും അവധി ബാധകമായിരിക്കും. കോളജുകൾ അടച്ചിടും. അവധി ക്ലാസുകളും മദ്രസ ക്ലാസുകളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവങ്ങൾ കഴിവതും ഒഴിവാക്കണം. ശബരിമലയിൽ ആവശ്യമായ പൂജകൾ നടത്തുന്നതിൽ തടസമില്ല.
ദർശനത്തിന് ആളുകൾ പോകാതിരിക്കാൻ ശ്രദ്ധിക്കണം. വിവാഹം ചടങ്ങുകളിൽ ഒതുക്കുക. സർക്കാർ ഓഫീസുകളിൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കും. സർക്കാരിന്റെ പൊതുപരിപാടികൾ മാറ്റിവയ്ക്കും.
നിരീക്ഷണത്തിലുള്ള ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറ്റലി, ചൈന, സിംഗപൂർ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വരുന്നവർ സ്വയം മുൻകരുതൽ എടുക്കണം. വിദേശത്തു നിന്നെത്തുന്നവർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സെല്ലിനെ അറിയിക്കണം. ആരും വിവരങ്ങൾ മറച്ചുവയ്ക്കരുത്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത് അനുഭവമായി കാണണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here