താലിബാൻ സമാധാന കരാർ; യുഎൻ അംഗീകാരം നേടിയെടുക്കാൻ അമേരിക്ക

താലിബാനുമായുള്ള സമാധാന കരാറിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയെടുക്കാൻ അമേരിക്ക. ഇതിനായി യുഎൻ രക്ഷാസമിതിയിൽ വോട്ടെടുപ്പ് നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ കരട് രൂപത്തിന്മേലുള്ള ചർച്ചയ്ക്ക് ശേഷമാണ് സമാധാന കരാറിന് യുഎൻ അംഗീകാരം നൽകണമെന്ന് അമേരിക്കൻ നയതന്ത്രജ്ഞർ ആവശ്യപ്പെട്ടത്. ഇതിനായി യുഎൻ സുരക്ഷാസമിതിയിൽ വോട്ടെടുപ്പ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

18 വർഷം നീണ്ട യുദ്ധത്തിന് വിരാമമിടുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 29നാണ് സമാധാന കരാറിൽ ഒപ്പിട്ടത്. കരാർ അനുസരിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ നിന്ന് പൂർണമായി പിന്മാറും എന്നായിരുന്നു തീരുമാനം. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് അഫ്ഗാനിസ്താൻ കേന്ദ്രമാക്കില്ലെന്ന ഉറപ്പും താലിബാൻ നൽകിയിരുന്നു. അഫ്ഗാനിസ്താനിലെ സർക്കാരുമായി താലിബാൻ ആഭ്യന്തര ചർച്ച നടത്താനും 50,000 താലിബാൻ തടവുകാരെ മോചിപ്പിക്കാനും കരാറിൽ ധാരണയായിരുന്നെങ്കിലും ഇക്കാര്യം ഇപ്പോഴും തർക്കത്തിൽ തുടരുകയാണ്.

ഇതിനിടെ ഇന്നലെ പ്രസിഡന്റ് അഷ്റഫ് ഗനിയും പ്രതിപക്ഷനേതാവ് അബ്ദുള്ള അബ്ദുള്ളയും ഒരേസമയം പ്രസിഡന്റായി സത്യപ്രതിജ്ഞ് ചെയ്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അഷ്റഫ് ഗനിയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ക്രമക്കേട് ആരോപിച്ച് എതിരാളിയായ അബ്ദുള്ള അബ്ദുള്ള ഇത് അംഗീകരിക്കാൻ തയാറാകാത്തതിനെത്തുടർന്നാണ് ഇരുവരും ഇന്നലെ ഒരേസമയം പ്രസിഡന്റായി സത്യപ്രതിജ്ഞ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top