ആലപ്പുഴ പൂച്ചാക്കലിലെ അപകടം: പരുക്കേറ്റ വിദ്യാർത്ഥികളുടെ നില തൃപ്തികരം

ഇന്നലെ ആലപ്പുഴ പൂച്ചക്കലിൽ ഉണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥികളുടെ നില തൃപ്തികരം. അനഘ, അർച്ചന, ചന്ദന, സാഖി എന്നീ നാലു വിദ്യാർത്ഥിനികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ തന്നെ ഇവരെ ചികിത്സയ്ക്കായി എറണാകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ അനഘ എന്ന വിദ്യാർത്ഥിനിയുടെ ഇരു കാലുകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. കുട്ടിയെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കും. മറ്റു മൂന്നുപേരുടെയും നില തൃപ്തികരമാണ്.
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറിയത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം നടന്നത്. ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെയും ലിസിയം ട്യൂട്ടോറിയൽ കോളജിലെയും വിദ്യാർത്ഥികളെയാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.
കാർ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചിരുന്നു. നിയന്ത്രണം വിട്ട കാർ അനീഷ് എന്ന ബൈക്ക് യാത്രികനെയും ഇടിച്ചിട്ടിരുന്നു. ഇയാളുടെ കൈക്ക് സാരമായി പരിക്കേറ്റു. എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സക്ക് ശേഷം അനീഷ് തിരികെ വീട്ടിലേക്ക് മടങ്ങി. കാറോടിച്ച മനോജിനും, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മനോജിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൂച്ചാക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൈക്കിളിൽ പോയ വിദ്യാർത്ഥിനിയെ അടക്കം ആറ് പേരെ ഇടിച്ചു തെറിപ്പിച്ച കാർ മരത്തിലിടിച്ചാണ് നിന്നത്.
Story Highlights: alappuzha poochakkal acident the condition of the injured students is satisfactory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here