Advertisement

കൊവിഡ് 19: മാസ്ക് ധരിക്കേണ്ടതിനെപ്പറ്റി; ഡോക്ടർ ഷിംന അസീസ് പറയുന്നു

March 11, 2020
Google News 2 minutes Read

അതേയ്, വളരെ വളരെ ഇമ്പോർട്ടന്റ് ആയൊരു കാര്യം പറയാനുണ്ടേ…. നാട്ടിലുള്ള സകല മെഡിക്കല്‍ സ്റ്റോറിലും കയറിയിറങ്ങിയിട്ടും മാസ്ക് കിട്ടിയില്ലെന്ന് വെക്കൂ. ടെന്‍ഷന്‍ ആകാതെ, ബെർതേ അങ്ങനെയൊരു കാര്യം സങ്കല്‍പ്പിക്കാനാ പറഞ്ഞത്… ഞെട്ടിയോ?

പേടിക്കണ്ട. മാസ്ക് എല്ലായെപ്പോഴും ആവശ്യമുള്ള സംഗതിയല്ല.

സര്‍ജിക്കല്‍ മാസ്ക് ധരിക്കേണ്ടത് നിങ്ങള്‍ക്ക് മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ തുടങ്ങിയവ ഉണ്ടെങ്കിലോ നിങ്ങള്‍ കൊവിഡ്‌ 19 സംശയിക്കുന്ന ഒരു വ്യക്തിയെ പരിപാലിക്കുന്ന ആളോ ആണെങ്കില്‍ മാത്രമാണ്.

മാത്രമല്ല, ഇത്തരം ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ മാസ്ക് ധരിക്കുമ്പോ ചെറിയ ഒരു കുഴപ്പവുമുണ്ട്. എന്താന്നറിയോ? “ഞങ്ങക്ക് യാതൊരു കുഴപ്പോം വരൂല, ഞങ്ങള്‍ മാസ്ക് ഒക്കെ ഇട്ടിട്ടുണ്ടല്ലോ” എന്നൊരു അമിത സുരക്ഷാബോധം അവര്‍ക്ക് വന്നേക്കാം. അത് പുലിവാല് പിടിക്കാന്‍ സാധ്യതയുള്ള ഒരു അവസ്ഥയാണ്.

എന്നാല്‍ പിന്നെ കുറച്ചൂടി ഉഷാറാക്കാം എന്ന് വിചാരിച്ചു N95 മാസ്ക് ഒക്കെയിട്ട് പുറത്തിറങ്ങാം എന്നാണോ? ഈ മാസ്‌ക്‌ പൊതുജനങ്ങൾക്ക്‌ ആവശ്യമില്ല. മാത്രമല്ല, എന്‍ 95 മാസ്ക് പൊതുജനങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് അപകടകരമാവാം.

ഇനിയിപ്പോ നിങ്ങൾ സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കുന്നോര്‍ ആണെങ്കിൽ അതെങ്ങനെ ശരിക്ക് ഉപയോഗിക്കണം എന്നും എങ്ങനെ, എവിടെ കളയണം എന്നും അറിയാണ്ട് പറ്റൂല. മാസ്ക് ധരിക്കുന്നതിനു മുന്‍പ് സോപ്പും വെള്ളവും ഉപയോഗിച്ചോ അതല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ്‌ റബ് ഉപയോഗിച്ചോ കൈ നന്നായി വൃത്തിയാക്കാൻ മറക്കല്ലേട്ടാ. വെരി ഇമ്പോർട്ടന്റേ…

മാസ്ക് കൊണ്ട് വായും മൂക്കും നന്നായി മൂടിയിട്ടുണ്ടെന്നും മുഖത്തിനും മാസ്കിനും ഇടയില്‍ ഗ്യാപ് ഒന്നും ഇല്ലാന്നും ഉറപ്പ് വരുത്തണം. മൂക്കിനു മുകളിലായി മാസ്ക് ഉറപ്പിച്ചു നിർത്താനുള്ള ക്ലിപ് അമർത്തി വയ്ക്കാനും മറക്കണ്ട.

മാസ്ക് മാത്രം ഇട്ടു ” ഫുള്‍ സെറ്റ്” എന്ന് വിചാരിച്ച് നില്‍ക്കല്ലേ.. മാസ്കിന്റെ ശരിയായ ഉപയോഗത്തിനൊപ്പം കൂടെ കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ അതല്ലെങ്കില്‍ ഹാന്‍ഡ്‌ സാനിറ്റൈസര്‍ ഉപയോഗിച്ചു കൃത്യമായ രീതിയില്‍ കൈ വൃത്തിയാക്കുകയോ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്.

മാസ്ക് ധരിച്ചു കഴിഞ്ഞാല്‍ “ഇജ്ജ് അവിടെ തന്നെ ഉണ്ടോ ചങ്ങായി?” എന്ന മട്ടില്‍ ഇടക്കിടക്ക് അത് തൊട്ടും തോണ്ടീം നോക്കേണ്ട. അതെങ്ങോട്ടും ഇറങ്ങി പോകൂലാന്ന്‌. അഥവാ മാസ്കിന്റെ മുന്‍വശം തൊട്ടു പോയാല്‍ കൈ സോപ്പും വെള്ളവും ഉപയോഗിച്ചോ ഹാന്‍ഡ്‌റബ് ഉപയോഗിച്ചോ വൃത്തിയാക്കുക. ബൈ ദി വേ, ഹാന്‍ഡ്‌ സാനിറ്റൈസരും ഹാന്‍ഡ്‌റബ്ബും ഏതാണ്ട് സെയിം സെയിം ആണേ… നമുക്ക് സ്നേഹം തോന്നുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി വിളിക്കാം.

സര്‍ജിക്കല്‍ മാസ്ക് കൂടുതൽ സമയം ഉപയോഗിച്ച്‌ നനഞ്ഞിരിക്കുന്നതായി തോന്നിയാല്‍ ഉടന്‍ അത് മാറ്റുക. ഒരു കാരണവശാലും ഒറ്റ പ്രാവശ്യം ഉപയോഗിക്കേണ്ട മാസ്ക് വീണ്ടും ഉപയോഗിക്കരുത്.

ആ പിന്നേ, മാസ്ക് വലിച്ചു പറിച്ച്‌ എങ്ങോട്ടേലും എറിയാനൊന്നും പാടില്ല. മാസ്കിന്റെ മുന്‍വശത്ത് തൊടാതെ ആ വള്ളിയിലോ ബാന്റിലോ പിടിച്ച്‌ അഴിക്കുക. അടപ്പുള്ള ഒരു വേസ്റ്റ് ബാസ്ക്കറ്റില്‍ നിക്ഷേപിക്കുക. ഇത്‌ ചെയ്‌ത പാടെ കൈകള്‍ വീണ്ടും സോപ്പ്/ഹാന്‍ഡ്‌റബ് ഉപയോഗിച്ചു വൃത്തിയാക്കുക.

അപ്പോ, മാസ്‌ക്‌ ഉപയോഗിക്കുന്നോർക്ക്‌ കാര്യങ്ങളെല്ലാം തിരിഞ്ഞല്ലോ, ലേ…

– Dr. Shimna Azeez

കടപ്പാട്: കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങൾ

(ഡോക്ടർ ഷിംന അസീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്)

Story Highlights: Dr Shimna Azeez facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here