പ്രളയ ഫണ്ട് തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ

സിപിഐഎമ്മുകാർ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. മേപ്പാടിയിലെ ഗൃഹനാഥന്റെ ആത്മഹത്യയും എറണാകുളത്ത് സിപിഐഎമ്മുകാരുടെ പ്രളയഫണ്ട് തട്ടിപ്പും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. പാർട്ടിക്കാർ ചേർന്ന് ഗൂഡാലോചന നടത്തിയാണ് പാവപ്പെട്ടവർക്ക് കിട്ടേണ്ട സഹായം തട്ടിയെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: പ്രളയ ഫണ്ട് തട്ടിപ്പ് ; സിപിഐഎം കളമശേരി ഏരിയ കമ്മിറ്റി അന്വേഷണം ആരംഭിച്ചു
പ്രളയ ദുരിതാശ്വാസത്തെ ചിലർ ചാകരയാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തട്ടിപ്പ് പരിശോധിക്കാൻ ജില്ലാകളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. മേപ്പാടിയിൽ ആത്മഹത്യ ചെയ്ത സനൽ ചന്ദ്രന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചിരുന്നതാണെന്നും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പണം ലഭിക്കാത്തതെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. ആർക്കും തുക നൽകിയിട്ടില്ലെന്ന പ്രചാരണം ശരിയല്ല. പ്രളയ ഫണ്ട് തട്ടിയെടുത്തവർക്കെതിരെ പാർട്ടി തലത്തിലും സർക്കാർ തലത്തിലും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യനാട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു സമഗ്ര അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പണം തിരിച്ചടപ്പിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം. വിവിധ ബാങ്കുകളിൽ അക്കൗണ്ടുകളുള്ള പത്തിൽ കൂടുതൽ ആളുകൾക്ക് കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദ് പണം കൈമാറിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിപിഐഎം നേതാവ് എം എം അൻവറിന് പത്തര ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണമാണ് കൂടുതൽ പേരിൽ എത്തിനിൽക്കുന്നത്.
flood fund fraud, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here