Advertisement

മധ്യപ്രദേശ് ബിജെപിയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം

March 11, 2020
1 minute Read

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ തകർത്ത് ബിജെപി ഭരണത്തിനായി ഒരുങ്ങുമ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തമ്മിൽ അധികാര വടംവലിയെന്ന് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ദാതിയ എംഎൽഎ നരോത്തം മിശ്രയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇപ്പോൾ വിഷയമായിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയാൽ മുഖ്യമന്ത്രി പദം ആർക്കാണ് എന്നതാണ് കലഹത്തിന്‍റെ കാരണം. കമൽനാഥിന്റെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് മധ്യപ്രദേശിൽ അധികാരം പിടിക്കാൻ ചൗഹാൻ നീക്കം നടത്തി എന്നാണ് നരോത്തം മിശ്രയുടെ അനുയായികളുടെ ആരോപണം. ഇതേ തുടർന്ന് ആരോപണം തള്ളി ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തുകയും ചെയ്തു. കോൺഗ്രസിനുള്ളിലെ തന്നെ പടലപിണക്കങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ അവസാനിച്ചതെന്നാണ് ശിവരാജ് സിംഗ് ചൗഹാൻ പറയുന്നത്.

Read Also: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു

കോൺഗ്രസ് സർക്കാരിനെ തകർക്കാൻ ശിവരാജ് സിംഗ് ചൗഹാനും നരോത്തം മിശ്രയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് ശ്രമിച്ചുകൊണ്ടിരുന്നതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ‘രംഗ്പഞ്ചമി’ എന്നായിരുന്നു നീക്കത്തിന് പേര് നൽകിയിരുന്നത്. ഹോളിക്ക് മുൻപ് കോൺഗ്രസിനെ ഭരണത്തിൽ നിന്ന് താഴെ ഇറക്കുകയായിരുന്നു ലക്ഷ്യം.തിങ്കളാഴ്ച കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റാൻ ഉപയോഗിച്ചത് ബിജെപിയുടെ ചാർട്ടർ വിമാനമാണ് എന്നായിരുന്നു ദിഗ് വിജയ് സിംഗ് ആരോപിച്ചത്. സർക്കാറിനെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിച്ചത് ആരെന്നതല്ല ഇപ്പോഴത്തെ വിഷയം. ആരാകും മുഖ്യമന്ത്രി എന്നതാണ്. ചൗഹാനും മിശ്രയും തമ്മിൽ തർക്കിക്കുന്നത് അതേ ചൊല്ലിയാണ്. എന്തായാലും ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾക്ക് ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് ദിഗ് വിജയ് സിംഗിന്‍റെ പരിഹാസം. ശിവരാജ് സിംഗ് ചൗഹാൻ മൂന്ന് പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നു. എന്നാൽ നാലാം വട്ടം ചൗഹാനെ മുഖ്യമന്ത്രിയാക്കുമോ അതോ മോദി -ഷാ സഖ്യത്തിന്റെ അടുത്തയാളായ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർക്ക് മുഖ്യമന്ത്രി പദം നൽകുമോ എന്നത് കാത്തിരുന്ന് അറിയേണ്ടതാണ്.

 

madhyapradesh, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top