ഇറാനെതിരായ ട്രംപിന്റെ യുദ്ധ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന പ്രമേയം പാസാക്കി അമേരിക്കൻ പ്രതിനിധി സഭ

ഇറാനെതിരായ ഡോണൾഡ് ട്രംപിന്റെ യുദ്ധ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന പ്രമേയം അമേരിക്കൻ പ്രതിനിധി സഭ പാസാക്കി. 188നെതിരെ 223 വോട്ടുകൾക്കാണ് സഭ പ്രമേയം പാസാക്കിയത്. നേരത്തെ സെനറ്റും പ്രമേയം പാസാക്കിയിരുന്നു. വെർജിനിയ ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് മൂന്ന് ഡെമോക്രാറ്റുകൾ വോട്ട് ചെയ്തപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പ്രമേയത്തെ അനുകൂലിച്ചില്ല. വോട്ടെടുപ്പ് തടയാനും പ്രമേയം പ്രതിനിധി സഭാസമിതിക്ക് വിടാനും റിപ്പബ്ലിക്കൻ അംഗങ്ങൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇനി പ്രമേയം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നിലേയ്ക്കാണെത്തുക. ട്രംപിന് പ്രമേയത്തെ വീറ്റോ ചെയ്യാനാകും. വീറ്റോയെ മറികടക്കാൻ പ്രതിനിധി സഭയിലും സെനറ്റിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം.
Read Also: കൊറോണ; യൂറോപ്പിൽ നിന്നുള്ള യാത്രകൾ താത്കാലികമായി നിർത്തിവച്ച് അമേരിക്ക
ഇറാനെതിരെ യുദ്ധം വേണ്ടെന്നും യുദ്ധത്തിനായി സൈന്യത്തെ വിന്യസിക്കുന്നതിനെയും പ്രമേയം വിലക്കുന്നുണ്ട്. ജനുവരിയിൽ യുഎസ് ആക്രമണത്തിൽ ഇറാൻ കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ-യുഎസ് ബന്ധം കൂടുതൽ വഷളായിരുന്നു. വിഷയത്തിൽ ട്രംപിന്റെ നിലപാടിനെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുൾപ്പെടെയുള്ളവർക്ക് എതിർപ്പുണ്ടായിരുന്നു. ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചത് പ്രസിഡന്റിന്റെ പ്രത്യേക നിർദേശ പ്രകാരമാണെന്നാണ് അന്ന് പെന്റഗൺ വ്യക്തമാക്കിയത്. എന്നാൽ ട്രംപ് യുഎസ് കോൺഗ്രസിന്റെ അനുമതി തേടിയിരുന്നില്ല. പുതിയ പ്രമേയം പാസായതോടെ ട്രംപിന് കോൺഗ്രസിന്റെ അനുമതിയില്ലാതെ സൈനിക നടപടികൾക്ക് ഉത്തരവിടാനാകില്ല.
america, donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here