ഇന്ത്യയിൽ ‘കൊവിഡ് 19’ മരണം ആദ്യമായി റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് 19 മരണം ആദ്യമായി റിപ്പോർട്ട് ചെയ്തു. കർണാടക സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. 76 വയസായിരുന്നു.

ഇന്നലെയായിരുന്നു മുഹമ്മദ് മരിച്ചത്. കർണാടക കൽബുർഗി സ്വദേശിയായിരുന്നു. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു മുഹമ്മദ്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 28നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി. രോഗബാധിതരിൽ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാൻ എയർ വിമാനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിക്കും. വെള്ളിയാഴ്ച രാത്രി 12.30 ഓടെ ഇവരെ മുംബൈ വിമാനത്താവളത്തിലാണ് എത്തിക്കുക. രണ്ടുവിമാനങ്ങളിലായി ബാക്കിയുള്ള ഇന്ത്യക്കാരെയും വരും ദിവസങ്ങളിൽ തിരിച്ചെത്തിക്കും. മാർച്ച് 15, 16 അല്ലെങ്കിൽ 17 എന്നീ തീയതികളിലാണ് ബാക്കിയുള്ളവരെ എത്തിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top