‘സക്കീർ ഹുസൈൻ നശിപ്പിക്കാൻ ശ്രമിച്ചു’; സിപിഐഎം നേതാവ് സിയാദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

സിപിഐഎം നേതാവും അയ്യനാട് സഹകരണ ബാങ്കിലെ ബോർഡംഗവുമായ സിയാദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്റെ ആത്മഹത്യക്ക് കാരണം സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പ് സിയാദിന്റെ സഹോദരൻ തൃക്കാക്കര പൊലീസിന് കൈമാറി.

കളമശേരി സിപിഐഎം ഏരിയാ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് സിയാദ് കുറിപ്പിൽ പറയുന്നത്. ലോക്കൽ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റായ കെ.എ ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാർ എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

പ്രളയദുരിതാശ്വാസ തട്ടിപ്പിൽപ്പെട്ട ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്ന സിയാദ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. സിയാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് പാർട്ടി നൽകിയ കത്ത് പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ചൊവ്വാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top