കൊവിഡ് 19: തിരുവനന്തപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കൊവിഡ് 19 സംശയത്തെ തുടർന്ന് തിരുവനന്തപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. തിരുവന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് ജില്ലയിൽ കൊവിഡ് 19 ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വലിയ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിലുടനീളം നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ കോർപറേഷന്റേയും മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം എയർപോർട്ട് വഴി വരുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി. ടൂറിസം മേഖലയിലെ ഹോം സ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ കൊവിഡ് 19 രോഗബാധിത രാജ്യങ്ങളിൽ നിന്ന് താമസിക്കുന്നവരെ കണ്ടെത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തി വരുന്നു. സംശയമുള്ളവരെ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ തന്നെയാണ് നിരീക്ഷണത്തിലാക്കുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിലാക്കുന്നു. സ്വകാര്യ ആശുപത്രികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് 19 രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ മറ്റ് ആശുപത്രികളിൽ പോകാതെ നേരെ ഇതിനായി സജ്ജമാക്കിയ ആശുപത്രികളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം സജ്ജമാണ്. ഇതോടൊപ്പം ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
story highlights- corona virus, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here