കൊവിഡ് 19: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തും. കായിക മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ധരംശാലയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 15ന് ലക്നൗവിലും 18ന് കൊൽക്കത്തയിലുമാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ. ഇത് രണ്ടും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താനാണ് തീരുമാനം. യുപി, ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുകൾ ഇക്കാര്യം സ്ഥിരീകരിച്ചതയി ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുമെന്നാണ് പുതിയ റിപ്പോർട്ട്. നാളെ നടക്കുന്ന ഐപിഎൽ ഗവേണിംഗ് കമ്മറ്റി മീറ്റിംഗിനു ശേഷം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും.
നേരത്തെ, ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വീസ നിയന്ത്രണങ്ങളെ തുടർന്നാണ് വിദേശ കളിക്കാർ ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഐപിഎൽ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചു.
മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.
Story Highlights: Last two ODIs of India-South Africa series to be played behind closed doors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here