കൊവിഡ് 19 ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത നഴ്‌സുമാരെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതായി പരാതി

കോട്ടയത്ത് കൊവിഡ് 19 ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത മെയില്‍ നഴ്‌സുമാരെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതായി പരാതി. ബന്ധുക്കളും അയല്‍വാസികളും ഒറ്റപ്പെടുത്തുന്നതിനാല്‍ വീട് ഒഴിഞ്ഞു നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനെ സമീപിച്ചപ്പോള്‍ മോശം പെരുമാറ്റം ഉണ്ടായെന്നും ഇവര്‍ ആരോപിച്ചു. സംഭവം വാര്‍ത്തയായതോടെ ആശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ ഇവർക്ക് താമസ സൗകര്യം ഒരുക്കി നല്‍കി. എന്നാല്‍ ഒരാഴ്ച്ചയ്ക്കകം ഒഴിഞ്ഞു നല്‍കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ രോഗികളെ പരിചരിച്ച മൂന്ന് മെയില്‍ നഴ്‌സുമാരോടാണ് ഒഴിഞ്ഞു പോകാന്‍ വീട്ടുടമ ആവശ്യപ്പെട്ടത്. ബന്ധുക്കളും, അയല്‍വാസികളും ഒറ്റപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദ്ദേശം. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സ്വയം താമസ സൗകര്യം കണ്ടെത്താനാണ് പറഞ്ഞത്. പ്രത്യേക അപേക്ഷയുമായി സമീപിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയെന്നും, അപേക്ഷ മുഖത്ത് വലിച്ചെറിഞ്ഞെന്നും നഴ്‌സുമാര്‍ ആരോപിച്ചു.
സംഭവം വാര്‍ത്തയായതോടെ ക്വാര്‍ട്ടേഴ്‌സില്‍ താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും ഒരാഴ്ച്ചയ്ക്കകം ഒഴിഞ്ഞു പോകണമെന്ന് പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശിച്ചു.
ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ സ്വയം തയ്യാറായി വന്നവരോടായിരുന്നു അധികൃതരുടെ ക്രൂരത. മെഡിക്കല്‍ കോളജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ നിന്ന് തങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്നും നഴ്‌സുമാര്‍ ആരോപിച്ചു.
ഇതിനിടെ വീട്ടില്‍ നിരീക്ഷത്തില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും, ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു വ്യക്തമാക്കി. വ്യാജപ്രചാരണം നടത്തരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Story Highlights: Nurses working in covid 19 solation ward have been evicted from their homes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here