ഇന്ത്യൻ തൊഴിലാളിയെ സഞ്ചരിക്കുന്ന ഹാൻഡ് സാനിറ്റൈസറാക്കി സൗദി അരാംകോ; പ്രതിഷേധം

ലോകവ്യാപകമായി കൊവിഡ് 19 വൈറസ് ബാധ പടരുകയാണ്. പല രാജ്യങ്ങളും പല തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹാൻഡ് സാനിറ്റൈസറുകളുടെ വില്പന കുതിച്ചുയർന്നു. പലയിടങ്ങളിലും ഇത് കിട്ടാനില്ല. ഇതിനിടെയാണ് സൗദി അറേബ്യയിലെ ഒരു കമ്പനി വംശീയതയുടെ അടയാളവുമായി രംഗത്തെത്തിയത്.

സൗദി അരാംകോയിൽ തൊഴിലെടുക്കുന്ന ഒരു ഇന്ത്യൻ തൊഴിലാളിയെ സഞ്ചരിക്കുന്ന ഹാൻഡ് സാനിറ്റൈസറാക്കിയതാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾ നേരിടുന്നത്. ഫേസ് മാസ്ക് ധരിച്ച്, വലിയ ഹാൻഡ് സാനിറ്റൈസർ ദേഹത്ത് ഘടിപ്പിച്ച് നടക്കുന്ന ഇയാളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കമ്പനിയിലെ മറ്റ് സ്റ്റാഫുകൾക്ക് കൈ ശുദ്ധിയാക്കാൻ വേണ്ടിയാണ് ഇയാൾ ഇങ്ങനെ വേഷം കെട്ടി നടക്കുന്നത്.

അതിരൂക്ഷമായാണ് സോഷ്യൽ മീഡിയ ഈ നടപടിക്കെതിരെ പ്രതികരിക്കുന്നത്. ഇത് വംശീയതയാണെന്നും വർഗ വിവേചനമാണെന്നും ട്വിറ്റർ ലോകം പറയുന്നു.

അതേ സമയം, സൗദിയിലേക്കുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികൾ സൗദിയിലേക്ക് മടങ്ങാന്‍ നെട്ടോട്ടമോടുകയാണ്. വിസയുള്ളവര്‍ക്ക് 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാന്‍ നല്കിയ അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ് പലരും. എന്നാല്‍ യാത്രാവിലക്കുള്ള സമയത്ത് കാലാവധി തീരുന്ന വിസകള്‍ പുതുക്കി നല്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ത്യ ഉള്‍പ്പെടെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുമാണ് സൗദി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും എക്‌സിറ്റ് റീഎന്‍ട്രിയില്‍ നാട്ടിലേക്ക് പോയ ഇഖാമയുള്ളവര്‍ക്കും 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാന്‍ അവസരമുണ്ട്.

Story Highlights: Saudi Arabian Company Uses Migrant Worker As ‘Human Hand Sanitizer’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top