മധ്യപ്രദേശിൽ വിമത എംഎൽഎമാരോട് രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കർ

രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന മധ്യപ്രദേശിൽ വിമത എംഎൽഎമാരോട് ഇന്ന് നേരിട്ട്
ഹാജരായി രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കറുടെ നിർദേശം. മന്ത്രിമാർ ഉൾപ്പടെ 22 എംഎൽഎമാരോടാണ് സ്പീക്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം, കമൽനാഥ് സർക്കാർ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഈ മാസം 16 ന് വിശ്വാസവോട്ടെടുപ്പ് അഭിമുഖീകരിക്കും. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രിംകോടതിയെ സമീപിക്കാനും ഇരു വിഭാഗങ്ങളും നീക്കം തുടങ്ങി.

രാജിവച്ച 22 വിമത എംഎൽഎമാരിൽ ആറ് മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർ എൻപി പ്രജാപതിക്ക് കത്ത് നൽകിയിരുന്നു. ആറ് മന്ത്രിമാരെ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ 191(2) അനുച്ഛേദം പ്രകാരം അയോഗ്യരാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതേ തുടർന്നാണ് സ്പീക്കറുടെ നടപടി. ആറ് മന്ത്രിമാർ ഉൾപ്പടെയുള്ള 22 പേരൊടും ഇന്ന് നേരിൽ ഹാജരായി ഇ-മെയിലിൽ അയച്ച രാജികത്തിൽ വിശദീകരണം നൽകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. രാജി തീരുമാനം പരപ്രേരണ അല്ല എന്ന് ബോധ്യപ്പെടെണ്ട സാഹചര്യത്തിലാണ് തീരുമാനം എന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

22 വിമതരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ സഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയും. ഈ സാഹചര്യത്തിൽ കോൺഗ്രസിന് 92 അംഗങ്ങളെ ഉണ്ടാകൂ. ഇതനുസരിച്ച് സർക്കാർ നിലംപൊത്തുകയാകും ഫലം. 107 എംഎൽഎമാരുള്ള ബിജെപിക്ക് സർക്കാരുണ്ടാക്കാൻ ഇതോടെ സാഹചര്യം ഒരുങ്ങും. മധ്യപ്രദേശ് നിയമസഭ ഇനി ഈ മാസം 16 നാണ് ബജറ്റ് സമ്മേളനത്തിനായി ചേരുക. ആദ്യ ദിവസം തന്നെ വിശ്വാസവോട്ട് തേടാനാണ് സർക്കാരിന്റെ തീരുമാനം.

ഇന്ന് എംഎൽഎമാർ ഹാജരായില്ലെങ്കിൽ അവരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് സുപ്രിംകോടതിയെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചു. അതേസമയം വരുന്ന തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോൾ ഗവർണറോടും സ്പീക്കറോടും വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്ന് ബിജെപി ചീഫ് വിപ്പ് നരോത്തം മിശ്ര പറഞ്ഞു. മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവർണർ ലാൽജി ടണ്ടനെ സന്ദർശിച്ച് സംസ്ഥാന സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി അറിയിച്ചു. ബിജെപിയും സ്പീക്കർക്ക് എതിരെ സുപ്രിംകോടതിയെ സമീപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top