കൊവിഡ് 19; തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ആളെ കണ്ടെത്തി

കൊറോണ വൈറസ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ ആളെ കണ്ടെത്തി. ഹരിയാന സ്വദേശിയെയാണ് കണ്ടെത്തിയത്. ഇയാളെ കണ്ടെത്തിയത് തമ്പാനൂരിലെ ഹോട്ടലിൽ വച്ചാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹരിയാന സ്വദേശി കടന്നുകളഞ്ഞത്. ജർമനിയിൽ നിന്ന് വന്ന ഇയാൾ കന്യാകുമാരിയിലേക്ക് പോകുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് എത്തിയത്. ഉച്ചക്കായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരനൊപ്പം വന്ന ഇയാളെ രോഗ ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോൺ നമ്പർ ഉപയോഗിച്ചാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന ഇയാളെ സൈബർസെൽ കണ്ടുപിടിച്ചത്.

Read Also: കൊറോണ വൈറസ്; കേരളത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പഠിക്കാന്‍ തെലുങ്കാന സംഘം എത്തി

അതേ സമയം ഇന്ന് പരിശോധിച്ച കൊവിഡ് 19 ഫലങ്ങളെല്ലാം നെഗറ്റീവാണ്. വർക്കലയിൽ ഇറ്റലിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊല്ലം ജില്ലയിലും റൂട്ട് മാപ്പ് പുറത്തിറക്കും. സംസ്ഥാനത്തെ കൊറോണ പ്രഭവകേന്ദ്രമായ പത്തനംതിട്ടയിൽ ഇന്ന് വന്ന എട്ടു ഫലവും നെഗറ്റീവ് ആയിരുന്നു. 33 പേർ ആശുപത്രിയിലും 1232 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഫലങ്ങൾ നെഗറ്റീവ് ആണെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. 58 പേരുടെ നെഗറ്റീവ് ഫലങ്ങളാണ് തൃശൂരിൽ പുറത്തുവന്നത്. 1571 പേരാണ് നിരീക്ഷണത്തിൽ. ഇതിൽ 72 പേർ ആശുപത്രികളിലാണ്. ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച ആൾക്കൊപ്പം സഞ്ചരിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ചയാളുടെ ദുബായിലെ ഏഴ് സുഹൃത്തുക്കളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വർക്കലയിലെ റിസോർട്ടിൽ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലം ജില്ലയിലും യാത്ര ചെയ്തിട്ടുണ്ട്. ഇയാളുടെ യാത്രാവിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റൂട്ട് മാപ്പാകും പുറത്തിറക്കുക.

ഇറ്റലിയിൽ കുടുങ്ങിയ 21 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിൽ തിരിച്ചെത്തി. ഇവരെ പരിശോധനയ്ക്കായി ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. എറാണാകുളം ജില്ലയിൽ ഇന്നത്തെ പരിശോധനയിൽ 30 പേരുടെ സാമ്പിൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കോട്ടയത്ത് രോഗബാധ സ്ഥിരീകരിച്ച നാലുപേർ ഉൾപ്പെടെ 11 പേർ ആശുപത്രിയിലുള്ളത്. വൃദ്ധ ദമ്പതിമാരുടെ നില മെച്ചപ്പെട്ടു. കോഴിക്കോട് 61 ഫലങ്ങൾ നെഗറ്റീവാണ്. ഇനി ഏഴു പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

 

coronavirus, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top