കൊവിഡ് 19: പ്രതിരോധ ശക്തി കൂട്ടാന്‍ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കഴിക്കാമെന്ന് ആരോഗ്യ മന്ത്രി; ചികിത്സയെ വഴി തെറ്റിക്കരുതെന്ന് ഐഎംഎ

കൊവിഡ് 19 രോഗത്തിന് നിലവില്‍ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ രാജ്യങ്ങള്‍ മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളിലാണ്. എന്നാല്‍ അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധിച്ചിട്ടുള്ളവരുടെ അടുത്തുള്ളവര്‍ പ്രതിരോധ ശേഷി വര്‍ധിപ്പിച്ചാല്‍ അത് നല്ലതാണ്. പ്രതിരോധ ശേഷിയുള്ള ആളുകള്‍ക്ക് രോഗം ബാധിച്ചാലും പെട്ടെന്ന് ഭേദമാകും. ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ ജനങ്ങള്‍ ഉപയോഗിക്കണം എന്ന് പറഞ്ഞതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎഎം) സംസ്ഥാന ഘടകവും രംഗത്ത് എത്തിയിട്ടുണ്ട്.
ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ കഴിച്ച് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ ആഹ്വാനം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്‌നത്തിന്റെ നട്ടെല്ലോടിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പ്രസ്താവനയില്‍ അറിയിച്ചു.
കമ്യൂണിറ്റി സ്‌പ്രെഡ് എന്ന മാരകമായ മൂന്നാം ഘട്ടം തരണം ചെയ്യാനുള്ള തീവ്ര യത്‌നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവന, ഇന്നു വരെ മുന്‍പന്തിയില്‍ നിന്ന് ഈ യുദ്ധത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പറയുമ്പോള്‍ അത്തരം കേട്ടു കേള്‍വികളുടെ ആകര്‍ഷണ വലയത്തില്‍ ഉള്ള ഒരു വിഭാഗം കൊറോണ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെ വഴി മാറിപ്പോകും എന്നത് ആശങ്കയോടെ മാത്രമേ നോക്കി കാണാന്‍ ആവൂ.
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ മാത്രമേ പ്രതിരോധത്തിനായാലും ചികിത്സക്കായാലും ഉപയോഗിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ മാത്രം പിന്‍തുടരാന്‍ രോഗമുള്ളവരും ഇല്ലാത്തവരും ഒരുപോലെ തയാറായില്ലെങ്കില്‍, അതിന് മാത്രം ഇന്നാട്ടിലെ ജനതയെ പ്രേരിപ്പിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു നേതൃത്വം ഉണ്ടായില്ലെങ്കില്‍, വരാനിരിക്കുന്ന വിപത്ത് നമ്മെ എല്ലാം വിഴുങ്ങും എന്ന ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളാ ഘടകത്തിന് നല്‍കാനുള്ളത്.
ഒത്തൊരുമയോടെ, സുചിന്തിതമായ നീക്കങ്ങളിലൂടെ, ശാസ്ത്രീയ സത്യങ്ങളുടേയും തെളിവുകളുടെയും ബലത്തില്‍ മാത്രമേ നമുക്ക് യുദ്ധത്തില്‍ വിജയമുണ്ടാകൂ എന്നും ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here