കൊവിഡ് മരണം: നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

കൊവിഡ് 19 ൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ രാജ്യം. നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമേരിക്കയിലേക്കുള്ള എല്ലാ വിസാ നടപടികളും ഇന്ത്യൻ എംബസി താത്കാലികമായി നിർത്തിവച്ചു.
അതിനിടെ മഹാരാഷ്ട്രയിൽ ഇന്ന് രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയിലും, അഹമ്ദ നഗറിലുമാണ് രോഗം റിപ്പോർട്ട് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 83 ആയി.
ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, നാഗ്പൂർ എന്നിവടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ബംഗളൂരുവിലെ എല്ലാ മാളുകളും ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡൽഹി തിഹാർ ജയിലിൽ ഐസോലേഷൻ വാർഡ് ആരംഭിച്ചു.
രാജ്യത്തിന്റെ 37 അതിർത്തി ചെക്‌പോസ്റ്റുകളിൽ 18 എണ്ണം അടച്ചു. ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ, ബസ് എന്നിവ ഏപ്രിൽ 15 വരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തിക്കും.