ദേവനന്ദയുടേത് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ട്

ആറ്റിലേയ്ക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറൻസിക് റിപ്പോർട്ട്. അബദ്ധത്തിൽ ആറ്റിലേയ്ക്ക് തെന്നിവീണതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പൊലീസിന് റിപ്പോർട്ട് കൈമാറിയത്. ഇടതുകവിളിൽ ചെറിയ പാടുണ്ട്. ഇത് വെള്ളത്തിൽ വീണപ്പോൾ പോറലേറ്റതാകാം. ഇതൊഴിച്ചാൽ ശരീരത്തിൽ മറ്റ് പാടുകളില്ല. ബോധപൂർവം ക്ഷതം ഏൽപ്പിച്ചതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ വൈകിട്ടാണ് ഫോറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയത്. ആന്തരികാവയങ്ങളുടെ പരിശോധനയിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് പ്രത്യേക അന്വേഷണം തുടരും. ദേവനന്ദയുടെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈൽ ഫോൺ കോളുകൾ എന്നിവ ശേഖരിച്ചു വരുന്നു. സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും. ഫോറൻസിക് വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ മൂന്നു പേജുകളുണ്ട്. അന്വേഷണ ചുമതലയുള്ള കണ്ണനല്ലൂർ സി.ഐ വിപിൻ കുമാറിനാണ് റിപ്പോർട്ട് കൈമാറിയത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായി.

മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ട് ബണ്ടിന്റെ അപ്പുറത്ത് മുള്ളുവള്ളിയിൽ കുടുങ്ങിയതെന്ന് ഫോറൻസിക് സംഘം നേരത്തെ വിലയിരുത്തിയിരുന്നു. ഒരു വർഷം മുമ്പ് ദേവനന്ദ വീട്ടിൽ പറയാതെപോയ വഴികളിലും കുടവട്ടൂരിലെ വീട്ടിലും ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു.

നെടുമ്പന ഇളവൂർ കിഴക്കേ കര ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ആറുവയസുകാരി ദേവനന്ദയെ ഫെബ്രുവരി 27നാണ് വീട്ടിൽ നിന്ന് കാണാതായത്. പിറ്റേദിവസം പള്ളിമൺ ആറ്റിൽ ഇളവൂർ ഭാഗത്ത് വള്ളികളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top