ലൂസിഫറിന്റെ ആരാധകനാകാൻ പണവും ജീവനും വച്ചുള്ള കളി; കൊല്ലത്ത് പത്താംക്ലാസുകാരന്റെ ഞെട്ടിക്കുന്ന കഥ

‘സാത്താൻ ആരാധനയ്ക്ക്’ അടിപ്പെട്ടുപോയ പത്താംക്ലാസുകാരന്റേത് ഞെട്ടിപ്പിക്കുന്ന കഥകൾ. വീണുപോയ കെണിയിൽപ്പെട്ട് മരണത്തിന്റെ വക്കുവരെ എത്തിയ ബാലൻ തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നാണ് കൊല്ലം ജില്ല ശിശുസംരക്ഷണ യൂണിറ്റ് നടത്തിയ കൗൺസിലിംഗിലൂടെ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. 14,000 രൂപയും അജ്ഞാത സംഘം തട്ടിയെടുത്തൂ.

പിതാവിന്റെ ഫോൺ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന കുട്ടി, അപകടകാരികളായ ഒരു ഗൂഢസംഘത്തിന്റെ വലയിൽ വീഴുകയായിരുന്നു. നഗരത്തിലെ പ്രശസ്തമായൊരു ഐസിഎസ്ഇ സ്‌കൂളിലെ വിദ്യാർത്ഥിയായ ബാലൻ ‘ഇലുമാനിറ്റി മെംബർഷിപ്പ് ഫോറം എന്ന ഗ്രൂപ്പിൽ അംഗമാകാൻ ശ്രമിച്ചതോടെയാണ് അപകടം പിന്നാലെ കൂടിയത്. ലൂസിഫറിനെ ആരാധിക്കുന്നവരുടെ സംഘമായാണ് ബാലനെ പരിചയപ്പെടുത്തിയത്. ഈ സംഘത്തിൽ അംഗമായാൽ മാന്ത്രികശക്തി ലഭിക്കുമെന്നും കൂടാതെ ഒരു കോടി രൂപ വിലയുള്ള കാറും വീടും മാസം വീതം അമ്പതിനായരം ഡോളറും ലഭിക്കുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു.

നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു തന്നെ ഇത്തരം വാഗ്ദാനങ്ങളുമായി വീഡിയോ കോൾ വഴി ബന്ധപ്പെട്ടിരുന്നതെന്നാണ് കുട്ടി പറയുന്നത്. ഇവരുടെ വാഗ്ദാനങ്ങളിൽ വീണുപോയ വിദ്യാർത്ഥിയോട് അംഗത്വ ഫീസായി ആദ്യം രണ്ടായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഈ പണം ഓൺലൈൻ ആയി സംഘത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടാമതായി ലൂസിഫറിന്റെ ആരാധകനായി മാറുമെന്നുള്ള സത്യപ്രതിജ്ഞ ചെയ്യിക്കലായിരുന്നു. ഈ സംഘത്തിൽ താൻ തുടർന്നുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോ വിദ്യാർത്ഥി സംഘത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.

Read Also: കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ചു

ഇതിനെല്ലാം ശേഷമാണ് വിദ്യാർത്ഥിയുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തികൾക്ക് സംഘം നിർദേശം നൽകിയത്. അർധരാത്രി കഴിഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്തു കൂടി നടക്കണമെന്നായിരുന്നു നിർദേശം. ആദ്യത്തെ പരീക്ഷണമായി വീടിനടത്തുള്ള പള്ളിക്കു സമീപം എത്താനായിരുന്നു ആവശ്യപ്പെട്ടത്. അതുപക്ഷേ നടന്നില്ല.

വിദ്യാർത്ഥിയെ ഏൽപ്പിക്കുന്ന പരീക്ഷണങ്ങൾ നടപ്പാകുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ ആളെയും ഏർപ്പാടാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശി അമീൻ എന്നയാളാണ് തന്നെ നിരീക്ഷിക്കാൻ എത്തിയിരുന്നുതെന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇയാളും ഇതേ ഗ്രൂപ്പിലെ അംഗമാണെന്നാണ് പറയുന്നത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച് സാത്താന്റെ രൂപം പതിച്ച ഒരു ബുള്ളറ്റിലായിരുന്നു അമീൻ എത്തിയിരുന്നത്. കായലിന് കുറുകെയുള്ള റെയിൽ പാളത്തിലൂടെ രാത്രി ഒറ്റയ്ക്ക് നടക്കാനുള്ള പരീക്ഷക്ഷണം വിദ്യാർത്ഥി അനുസരിച്ചത് അമീൻ വീഡിയോയിൽ പകർത്തിയിരുന്നു.

വിരലുകളിൽ മുറിവുണ്ടാക്കി പ്രതിജ്ഞ ചൊല്ലിക്കുന്നതും സംഘത്തിന്റെ പതിവായിരുന്നു. രാത്രിയിൽ ഉറക്കമില്ലാതെ സംഘം പറയുന്ന പ്രാർത്ഥനകളും ചൊല്ലണം. മറ്റൊരു ടാസ്‌ക് വിദ്യാർത്ഥിയെ ഏൽപ്പിച്ചത് ആടിന്റെ ചോര കൊണ്ട് സാത്താന് ആരാധന നടത്താനായിരുന്നു. ഇതിനുവേണ്ടി സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ കിട്ടാൻ വേണ്ടി പലയിടങ്ങളിലും അന്വേഷിച്ചുവെന്നാണ് വിദ്യാർത്ഥി പറയുന്നത്.

ഇത്രയും ചെയ്തതിനു ശേഷമായിരുന്നു വിദ്യാർത്ഥയിൽ നിന്നും പണം തട്ടാനുള്ള അടുത്ത പദ്ധതികൾ സംഘം മുന്നോടുവച്ചത്. വിദ്യാർത്ഥിയുടെ വീട്ടിൽ ലൂസിഫറിന് ആരാധാനാലയം പണിയേണ്ടി വരുമെന്നും അതിനായി തങ്ങൾക്ക് അമ്പതിനായിരം രൂപ അയച്ചു നൽകണമെന്നും പറഞ്ഞു. മാതാപിതാക്കൾ നിന്നും പണം വാങ്ങിയെടുക്കാനുള്ള വഴികളും സംഘം പറഞ്ഞുകൊടുത്തു. വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം കിട്ടുമെന്ന് പറഞ്ഞ് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് പാസ്പോർട്ട് എടുക്കുകയായിരുന്നു ആദ്യ പടി. അതിനുശേഷം സംഘം തന്നെ ഇന്റേൺഷിപ്പിന് അവസരം ശരിയായി എന്നു കാണിക്കാൻ വ്യാജ രേഖകൾ വിദ്യാർത്ഥിക്ക് അയച്ചുകൊടുക്കുകയും ചെയ്തൂ.

എന്നാൽ, പണം തട്ടിയെടുക്കാൻ സംഘത്തിനായില്ല. വിദ്യാർത്ഥി രാത്രി സമയങ്ങളിൽ നിരന്തരം പുറത്തു പോകുന്നതും സ്വഭാവത്തിൽ വന്ന മാറ്റങ്ങളും ശ്രദ്ധിച്ച മാതാപിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മകൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുന്നത്. ഇതോടെ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. എന്നാൽ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച് അ് പണയം വച്ചു കിട്ടിയ കാശുപയോഗിച്ച് അച്ഛനും അമ്മയും അറിയാതെ പുതിയൊരു ഫോൺ വാങ്ങി അതേ സംഘവുമായി വിദ്യാർത്ഥി വീണ്ടും ബന്ധം പുനസ്ഥാപിച്ചു. വിദ്യാർത്ഥിയെ വീണ്ടും തങ്ങളുടെ കൈകളിൽ കിട്ടിയ സംഘം പണം തട്ടിയെടുക്കാനുള്ള വഴികൾ പുനരാംരഭിച്ചു. ഇതിൽ വീണ വിദ്യാർത്ഥി സംഘം നൽകിയ അക്കൗണ്ട് നമ്പറിലേക്ക് 12,000 രൂപ അയച്ചുകൊടുക്കുകയും ചെയ്തു. പണം കൊടുത്തത് കൂടാതെ രക്ഷിതാക്കളുടെ തിരിച്ചറിയിൽ രേഖകളുടെ വിവരങ്ങൾ അടക്കും കൈമാറുകയും ചെയ്തു.

ഇതിനു പിന്നാലെ സംഘം കൂടുതൽ പണം ആവശ്യപ്പെട്ട് വിദ്യാർത്ഥിയെ നിർബന്ധിക്കാൻ തുടങ്ങി. ഇതോടെയാണ് സംശയം തോന്നിയ വിദ്യാർത്ഥി താൻ ഗ്രൂപ്പിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുന്നത്. അത്തരമൊരു തീരുമാനം വന്നതോടെ സംഘം വധഭീഷണി മുഴക്കി. ഭയന്ന കുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. മാതാപിതാക്കളാണ് ജില്ല കളക്ടർക്ക് മുന്നിൽ പരാതി നൽകുന്നത്.

തുടർന്ന് ശിശുസംരക്ഷണ ഓഫിസിൽ നടത്തിയ കൗൺസിലിംഗിലാണ് എല്ലാ കാര്യങ്ങളും വിദ്യാർത്ഥി തുറന്നു പറയുന്നത്. തുടർന്ന് വിവരം പൊലീസിന് കൈമാറി. വിദ്യാർത്ഥിയുമായി സംഘം ബന്ധപ്പെട്ടിരുന്ന നമ്പറുകളിലെല്ലാം പൊലീസ് വിളിച്ചു നോക്കിയെങ്കിലും ആ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണ്.

 

lucifer, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top