Advertisement

പാലക്കാട്ട് ആദിവാസി പെൺകുട്ടി തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ; പതിനേഴുകാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ

March 14, 2020
1 minute Read

പാലക്കാട് മുതലമടയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ട്. മൂച്ചൻകുണ്ട് മുണ്ടിപ്പതി ഊരിൽ തെങ്ങിൽ തോപ്പിലെ വലിയ കിണറ്റിലാണ് ഇന്ന് രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ ഒന്നുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. കിണറ്റിലെ വെള്ളത്തിൽ പൊങ്ങിക്കിടന്ന മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു. 17 വയസാണ് പെൺകുട്ടിക്കുണ്ടായിരുന്നത്. വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിക്ക് നാട്ടിൽ അധികം ബന്ധങ്ങളോ കൂട്ടുകെട്ടോ ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

Read Also: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ചു

സമീപത്തെ ഓലഷെഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയും കുടുംബവും വേനൽക്കാലമായതിനാൽ തൊട്ടടുത്ത അമ്മാവന്റെ വീട്ടിലെ ടെറസിലായിരുന്നു പതിവായി കിടന്നിരുന്നത്. ബുധനാഴ്ച പ്രദേശത്തെ പൊങ്കൽ ഉത്സവത്തിന് അമ്മയും മറ്റു ബന്ധുക്കളും പോയെങ്കിലും പെൺകുട്ടി പോയിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. പ്രാഥമിക പരിശോധനയിൽ മുറിവേറ്റ പാടുകൾ ഒന്നുമില്ലെങ്കിലും മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാത്തത് ദുരൂഹതയുണർത്തുന്നുണ്ട്. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് വിശദീകരണം തുടങ്ങിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വിശദീകരിക്കാനാവൂ എന്ന് പൊലീസ്.

 

teenage girl found dead in a well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top