കൊവിഡ് 19: ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങൾ നിർത്തിവച്ച് ബിസിസിഐ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങൾ നിർത്തിവച്ച് ബിസിസിഐ. ഐപിഎൽ നീട്ടിവച്ചതിനു പിന്നാലെയാണ് ആഭ്യന്തര മത്സരങ്ങൾ നിർത്തിവക്കുന്നതായി ബിസിസിഐ അറിയിച്ചത്. ഇറാനി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂർണമെന്റുകളാണ് നിലവിൽ മാറ്റിവച്ചിരിക്കുന്നത്.

ഇറാനി കപ്പ്, വനിതാ ഏകദിന ചലഞ്ചർ ട്രോഫി, വനിതാ അണ്ടർ 19 നോക്കൗട്ട് ടൂർണമെന്റ്, വനിതാ അണ്ടർ 19 ടി-20 ലീഗ്, സൂപ്പർ ലീഗ് & നോക്കൗട്ട്, വനിതാ അണ്ടർ 19 ടി20 ചലഞ്ചർ ട്രോഫി, വനിതാ അണ്ടർ 23 നോക്കൗട്ട്, വനിതാ അണ്ടർ 23 ഏകദിന ചലഞ്ചർ ട്രോഫി എന്നിവയാണ് ഇപ്പോൾ മാറ്റിവെക്കപ്പെട്ട ടൂർണമെന്റുകൾ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ടൂർണമെൻ്റുകൾ നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചു.

ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും റദ്ദാക്കിയിരുന്നു. ഐഎസ്എൽ ഫൈനൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്.

Story Highlights: covid 19 bcci suspends domestic cricket in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top