കറുപ്പ് സ്യൂട്ടിൽ വിജയ് എത്തി; ആവേശത്തോടെ ആരാധകർ

ഏവരും കാത്തിരുന്ന ആ ചടങ്ങ് നടന്നു. പക്ഷേ, പ്രതീക്ഷിച്ചതുപോലെ മാസ് ഡയലോഗുകൾ ഉണ്ടായില്ലെന്നു മാത്രം. എന്നാലും ആരാധകരുടെ ആവേശത്തിന് ഒട്ടും കുറവും ഉണ്ടായില്ല. പറഞ്ഞു വരുന്നത് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ചാണ്. ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയും പരിശോധനയുമെല്ലാം കഴിഞ്ഞ്, ക്ലിൻ ചിറ്റുമായി വിജയ് എത്തുന്ന ചടങ്ങിനെ സിനിമാ ലോകം മാത്രമായിരുന്നില്ല ആകാക്ഷയോടെ കാത്തിരുന്നത്.

തനിക്കെതിരേ നടന്ന സർക്കാർ നടപടികളുമായി ബന്ധപ്പെട്ട് വിജയ് പ്രതികരിക്കുമോ എന്നതായിരുന്നു ഏവരും ഒറ്റുനോക്കിയിരുന്നത്. തന്റെ മുൻ സിനിമകളുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് പരോക്ഷമായി രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു വിജയ്യുടെ വാക്കുകൾക്ക് എല്ലാവരും കാതോർത്തിരുന്നത്. എന്നാൽ, അത്തരത്തിൽ ഒരു പരാമർശനങ്ങളും വിജയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉറപ്പില്ലാതിരുന്ന മാസ്റ്റർ ഓഡിയോ ലോഞ്ച് നടന്നതിന്റെ ആഘോഷത്തിലാണ് വിജയ് ആരാധകർ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓഡിയോ ലോഞ്ച് മാറ്റിവച്ചേക്കുമെന്നായിരുന്നു അവസാനം വരെ കരുതിയിരുന്നത്.

ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ കറുത്ത സ്യൂട്ട് ധരിച്ചായിരുന്നു വിജയ് എത്തിയത്. കറുപ്പ് തെരഞ്ഞെടുത്ത് ആരോടെങ്കിലുമുള്ള പ്രതിഷേധ സൂചകമാണോ എന്ന ചോദ്യവും തമിഴകത്ത് ഉയർന്നിട്ടുണ്ട്. തങ്ങളുടെ പ്രിയതാരത്തെ കാണാനായതിന്റെ ആഘോഷത്തിലാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ ആരാധകർ.

കാർത്തി നായകനായ സൂപ്പർ ഹിറ്റ് കൈതിക്കു ശേഷം ലോകേഷ് കനകരാജ് ചെയ്യുന്ന ചിത്രമാണ് മാസ്്റ്റർ. ഈ ചിത്രത്തിന്റെ നെയ്വേലിയിലെ സെറ്റിലിൽ നിന്നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ് യെ കസ്റ്റഡിയിൽ എടുക്കുന്നത്. ബിഗിൽ എന്ന ചിത്രത്തിലെ പ്രതിഫലത്തിന് കൃത്യമായി ആദായ നികുതി അടച്ചില്ലെന്നായിരുന്നു പരാതി. ബിഗിലിനും മാസ്റ്ററിനും വാങ്ങിയ പ്രതിഫലത്തിന് കൃത്യമായി തന്നെ നടൻ നികുതി അടച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചത്. ബിഗിലിന് 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് വിജയ് പ്രതിഫലം വാങ്ങിയത്.

Story highlight:Thamil actor Vijay

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top