ആരോഗ്യമന്ത്രിക്കെതിരെ സഭ്യേതര പരാമർശം; കെഎസ്‌യു മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്കെതിരെ സഭ്യേതര പരാമർശം നടത്തിയ കെഎസ്‌യു മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ പാലമുക്ക് ശിവശക്തിയില്‍ സുമന്‍ മകന്‍ എസ് ഹരികൃഷ്ണയെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. കെഎസ്‌യുവിൻ്റെ പുനലൂർ മണ്ഡലം പ്രസിഡൻ്റാണ് ഇയാൾ.

ഒരു പോസ്റ്റിൽ കമൻ്റ് ആയാണ് ഇയാൾ സഭ്യേതര പരാമർശം പോസ്റ്റ് ചെയ്തത്. എസ്.ഡി ഹരികൃഷ്ണ വിക്ടറി എന്ന തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു കമൻ്റ്. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞ പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ 509 ഐ.പി.സി, 120(ഒ) കെ.പി.ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഞ്ചല്‍ ഐ.എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മറ്റൊരു കോൺഗ്രസ് പ്രവർത്തകനെയും ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യമന്ത്രിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ കോഴിക്കോട് മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്. അന്‍ഷാദ് മലബാറി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാൾ വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്.

അതേ സമയം, സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 21 ആയി. തിരുവനന്തപുരത്തെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 21ലെത്തിയത്.

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 120 ആയി. മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 120ലെത്തിയത്. 40 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

Story Highlights: hate comment against Health Minister; KSU leader arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top