പത്തനംതിട്ടയിൽ‍ വിദേശ രാജ്യങ്ങളിൽ‍ നിന്നെത്തിയ കൂടുതൽ‍ പേർ‍ നിരീക്ഷണത്തിൽ

പത്തനംതിട്ടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍. തുടര്‍ച്ചയായി നെഗറ്റീവ് ഫലങ്ങള്‍ വരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്കും കാരണമാകുന്നുണ്ട്. അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഇതര സംസ്ഥാന തൊഴിലാളികളും അടക്കം 21 പേരാണ് ഇപ്പോള്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉള്ളത് . ഇതില്‍ മൂന്ന് പേര്‍ വീടുകളില്‍ കഴിഞ്ഞിരുന്നവരാണ്. ഇവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ പുറത്ത് വന്ന ഒന്‍പത് പരിശോധന ഫലങ്ങള്‍ അല്ലാതെ പുതിയ ഫലങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശിയുടെ അടക്കം 12 പേരുടെ പരിശോധന ഫലങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയ 33 പേരെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് അയച്ചു.

രോഗം നേരത്തെ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുടെ മൂന്നാമത് നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവ് തന്നെയെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇവരുടെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ല. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1254 ആയി . ഇതിന് പുറമേ വിദേശത്ത് നിന്നെത്തിയ 118 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വിദേശത്ത് നിന്ന് എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 788 ആയി. അതേസമയം, കൊവിഡ് 19 മായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.

 

 Story Highlights- foreign countries visit, people,  Pathanamthitta, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top