കൊവിഡ് 19 : സൗദി അന്താരാഷ്ട്ര കപ്പൽ സർവീസുകൾ നിർത്തലാക്കി

കൊറോണയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് പുറമെ സൗദി അന്താരാഷ്ട്ര കപ്പല്‍ സര്‍വീസുകളും നിര്‍ത്തലാക്കി. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കിയത്. രാജ്യത്തെ ഷോപ്പിങ് മാളുകള്‍ അടച്ചിടും.

കൊറോണ ജാഗ്രതാ നടപടികളുടെ ഭാഗമായി അമ്പത് രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതായി സൗദി പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇന്ത്യയും, ജി.സി.സി രാജ്യങ്ങളും, യൂറോപ്യന്‍ രാജ്യങ്ങളും, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. കാര്‍ഗോ, രക്ഷാ പ്രവര്‍ത്തനം എന്നിവയ്ക്കുള്ള കപ്പല്‍ സര്‍വീസുകള്‍ തുടരും. ഷോപ്പിംഗ് മാളുകൾ അടച്ചുപൂട്ടിയെങ്കിലും മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും പ്രവര്‍ത്തിക്കാം. റസ്റ്റോറന്‍റുകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഭക്ഷണം വാങ്ങി കൊണ്ടുപോകുന്നതിന് തടസ്സമില്ല.

അതേസമയം 15 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണം 118 ആയി. റിയാദ്, ഖതീഫ്, ജിദ്ദ, ദമാം, ഘോബാര്‍, ദഹ്റാന്‍ എന്നിവിടങ്ങളിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതുവരെ മൂന്ന് പേര്‍ സുഖം പ്രാപിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top