ഹൃദയഗീതങ്ങളുടെ കവിക്ക് ഇന്ന് എൺപതിന്റെ നിറവ്

ഹൃദയഗീതങ്ങളുടെ കവി. പ്രണായാർദ്ര സങ്കൽപ്പങ്ങളിലൂടെ പാട്ടിന്റെ പാലാഴി തീർത്ത ഈ അതുല്യപ്രതിഭ, ശ്രീകുമാരൻ തമ്പിക്ക് ഇന്ന് എൺപതിന്റെ നിറവ്.

1940 മാർച്ച് 16 ന് കളരിക്കൽ കൃഷ്ണ പിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തമ്പി 1966 ൽ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ഗാനരചനാ ലോകത്തേക്ക് കടന്നു വരുന്നത്. മൂവായിരത്തിലധികം ഗാനങ്ങൾ ഇതിനോടകം അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു കഴിഞ്ഞു.

ഗാനരചയ്താവ് മാത്രമല്ല, സംഗീത സംവിധായകൻ, ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ നീളുകയാണ് എൺപതു വർഷത്തെ അർത്ഥപൂർണമായ ജീവിതത്തിൽ ശ്രീകുമാരൻ തമ്പിയെന്ന കലാകാരന്റെ വിശേഷണങ്ങൾ. ഒരു പക്ഷേ, സിനിമയുടെ വ്യത്യസ്ത മേഖലകളിൽ ഇത്രയേറെ വിജയം നേടിയ മറ്റൊരാൾ ശ്രീകുമാരൻ തമ്പിയോളം ഇല്ലെന്നു തന്നെ പറയാം.

ജീവിത ചിന്തകളുടെ ലളിതമായ സന്ദേശങ്ങൾ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പ്രതിഫലിച്ചു നിൽക്കുന്നതു കാണാം. പ്രഗത്ഭരായ ഗാനരചയിതാക്കൾ വാഴുന്ന കാലത്ത് തന്റേതായൊരു സ്ഥാനം ഗാനരചനാ ലോകത്ത് നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രണയമോ, വിരഹമോ ആനന്ദമോ വ്യഥയോ ഏതുമാകട്ടെ ജീവിതസത്യങ്ങളെ കാവ്യചിത്രങ്ങളാക്കി മലയാളികളുടെ ഹൃദയത്തിൽ ശ്രീകുമാരൻ തമ്പി എന്ന ഗാന രചയ്താവ് അടയാളപ്പെടുത്തിയിട്ടു. കാലഭേദമില്ലാതെ മലയാളി ആ ഗാനങ്ങളെല്ലാം മൂളി നടക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

അർത്ഥസമ്പുഷ്ടവും ലളിതമായ വരികൾക്ക് ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും എംഎസ് ബാബുരാജും അർജുനൻ മാഷും എംഎസ്വിയും സലിൽദായുമെല്ലാം ആത്മാവ് അറിഞ്ഞ് സംഗീതം പകർന്നപ്പോൾ ഹൃദയസരസിലെ പ്രണയ പുഷ്പങ്ങൾ പോലെ എത്രയെത്ര ഗാനങ്ങളാണ് നമുക്ക് സ്വന്തമായത്.

ദേവരാജൻ മാഷിനൊപ്പം ചേർന്നൊരുക്കിയ സ്വന്തമെന്ന പദത്തിനെന്തിർത്ഥം, മംഗളം നേരുന്നു ഞാൻ, മലയാള ഭാഷതൻ…ദക്ഷിണാമൂർത്തിക്കൊപ്പം സൃഷ്ടിച്ച മനസിലുണരൂ ഉഷസന്ധ്യയായി, മനോഹരി നിൻ, പൊൻവെയിൽ മണിക്കച്ച, എം കെ അർജുനനുമായി ചേർന്നപ്പോൾ പിറന്ന പൗർണമി ചന്ദ്രിക, പാടാത്ത വീണയും പാടും, നീലനിശീഥിനി. എംബി ശ്രീനിവാസനുമായി ഒരുക്കിയ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ, എം എസ് ബാബുരാജിന്റെ സംഗീതത്തിൽ പിറന്ന ചന്ദ്രബിംബം നെഞ്ചിലേറ്റും, സുന്ദർരാജന്റെ സംഗീതത്തിൽ വന്ന കൂത്തമ്പലത്തിൽ വച്ചോ, പെരുമ്പാവൂർ ജി രവിന്ദ്രനാഥ് ഈണമിട്ട, ഒന്നാം രാഗം പാടി, ഇളയരാജ സംഗീതം ചെയ്ത ഉണരൂമി ഗാനം, സലിൽ ചൗധരിയൊരുക്കിയ പൂമാനം പൂത്തുലഞ്ഞേ..ശ്രീകുമാരൻ തമ്പി തന്നെ ഈണമിട്ട ബന്ധുവാര് ശത്രുവാര്..ചുംബന പൂകൊണ്ട് മൂടാം…. പറഞ്ഞാലും പാടിയാലും മതിവരാത്ത എത്രയെത്ര ഗാനങ്ങൾ ഇനിയുമേറെയുണ്ട്…

അനുവാചകഹൃദങ്ങളിൽ ഏഴിലംപാലപ്പൂവിന്റെ മണമോലും ഗാനങ്ങൾ പകരുക മാത്രമായിരുന്നില്ല, ശ്രീകുമാരൻ തമ്പി ചെയ്തത്. സിനിമയുടെ മറ്റു മേഖലകളിലും കവി തന്റെ കൈയൊപ്പ് പതിപ്പിച്ചു. 1974 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രകാന്തത്തിന്റെ സംവിധാനവും രചനയും നിർമാണവും ശ്രീകുമാരൻ തമ്പിയായിരുന്നു. 30 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 28 ചിത്രങ്ങൾ നിർമിച്ചു. 78 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി.

തോപ്പിൽഭാസിക്കും എസ്എൽപുരം സദാനന്ദനും ശേഷം ഇത്രയോറെ സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുള്ളത് ശ്രീകുമാരൻ തമ്പി മാത്രമാണ്. കലയുടെ വിവിധ മേഖലകളിൽ തന്റെ സാന്നിധ്യം എന്നെന്നുമോർപ്പിക്കത്തക്ക വിധം പതിപ്പിക്കാൻ കഴിയുക ഏതൊരാൾക്കും കഴിയുന്നതല്ല. അസാധ്യ പ്രതിഭാവിലാസമെന്ന് നിസംശയം പറയാം.

ശ്രീകുമാരൻ തമ്പിയുടെ കവിയും കുറെ മാലാഖമാരും എന്ന കവിത സമാഹരത്തിന്റെ അവതാരികയിൽ സാക്ഷാൽ വയലാർ രാമവർമ എഴുതിയത് ഈ കവിയെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നാണ്. എത്രമേൽ സത്യമായ വാക്കുകൾ… ഓരോ മലയാളിയും ശ്രീകുമാരൻ തമ്പി എന്ന പേരിൽ അഭിമാനിക്കുകയാണ്. മലയാളിക്ക് സമ്മാനിക്കാൻ ഇനിയുമേറേയുണ്ട് മഹനായ കലാകാരന്. അതിനായി നമുക്ക് കാത്തിരിക്കാം…

Story highlight: Sreekumaran thampi, 80th birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top