കൊവിഡ് 19: ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതി തത്വത്തില്‍ അംഗീകരിച്ചു. നാളെ ചേരുന്ന ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക സബ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കൊവിഡ് ബാധ മൂലം സംസ്ഥാനത്തെ എല്ലാ രംഗത്തും മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിലാണ് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്തത്. സ്ഥിതിഗതികള്‍ മനസിലാക്കുന്നുവെന്നും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതിന് സന്നദ്ധമാണെന്നും ബാങ്കേഴ്‌സ് സമിതി മുഖ്യമന്ത്രിയെ അറിയിച്ചു. ഒരുവര്‍ഷത്തേക്കായിരിക്കും മൊറട്ടോറിയം അനുവദിക്കുക.
കഴിഞ്ഞ പ്രളയ കാലത്ത് വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നില്ല. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചേക്കും. നാളെ ചെരുന്ന സബ് കമ്മിറ്റി മോറട്ടോറിയത്തില്‍ അന്തിമതീരുമാനമെടുത്ത് റിസര്‍വ് ബാങ്കിന്റെ അനുമതി തേടും.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here