രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭ സ്ഥാനലബ്ധിയെ വിമർശിച്ച് ജസ്റ്റിസ് മദൻ ബി ലോക്കൂർ

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തതിനെ വിമർശിച്ചും പരിഹസിച്ചും ജസ്റ്റിസ് മദൻ ബി ലോക്കൂർ. സ്ഥാനം കിട്ടുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രവേഗം അതുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെ പ്രതികരണം.
ഗൊഗോയിയുടെ മുൻഗാമി ജസ്റ്റിസ് ദീപക് മിശ്ര കേസുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2018 ജനുവരിയിൽ വാർത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഗൊഗോയ്ക്ക് ഒപ്പമുണ്ടായിരുന്ന ആളാണ് ജസ്റ്റിസ് മദൻ ബി ലോക്കൂർ. മുൻ ചീഫ് ജസ്റ്റിസിന്റെ രാജ്യസഭാ നാമനിർദേശ വാർത്തയോട് രൂക്ഷമായ ഭാഷയിലാണ് ലോക്കൂർ പ്രതികരിച്ചിരിക്കുന്നത്. ഗൊഗോയിക്ക് സ്ഥാനം കിട്ടുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. അതുകൊണ്ട് ഇതിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ല. ഇത്രവേഗം കിട്ടിയതിലാണ് അദ്ഭുതമുളളതെന്നും മദൻ ബി ലോക്കൂർ തുറന്നടിച്ചു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു മദൻ ബി ലോക്കൂറിന്റെ പ്രതികരണം. സുപ്രിംകോടതിയിൽ നിന്ന് വിരമിച്ച് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് ഗൊഗോയിയെ തേടി രാജ്യസഭാംഗത്വം എത്തുന്നത്.
ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, ജെ ചെലമേശ്വർ, മലയാളി ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരായിരുന്നു ദീപക് മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം നടത്തിയത്. സുപ്രിം കോടതിയുടെ അധികാരത്തിൽ കേന്ദ്രസർക്കാർ കൈകടത്തുന്നത് കൂടി ഉന്നയിച്ചായിരുന്നു നാല് മുതിർന്ന ജഡ്ജിമാരുടെ സംയുക്ത വാർത്താസമ്മേളനം. വിരമിച്ച ശേഷം സർക്കാരിന് കീഴിൽ ഒരു പദവിയും സ്വീകരിക്കില്ലെന്ന് ജസ്റ്റിസുമാരായ ജെ ചെലമേശ്വറും കുര്യൻ ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള രഞ്ജൻ ഗൊഗോയ്, ദീപക് മിശ്രയ്ക്കെതിരെ വാർത്താ സമ്മേളനം നടത്തിയത് നീതിന്യായ മേഖലയിൽ വലിയ ചർച്ചയ്ക്കാണ് കാരണമായത്.
അസമിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് രഞ്ജൻ ഗൊഗോയ്. 2012ലാണ് സുപ്രിംകോടതിയിൽ എത്തിയത്. 2018ൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി. രഞ്ജൻ ഗൊഗോയിയുടെ സഹോദരൻ എയർമാർഷൽ ആയി വിരമിച്ച അഞ്ജൻ കുമാർ ഗൊഗോയിയെ ജനുവരിയിൽ കേന്ദ്രസർക്കാർ വടക്കുകിഴക്കൻ കൗണിസിലിന്റെ പൂർണസമയ അനൗദ്യോഗിക അംഗമായും നിയമിച്ചിരുന്നു. കെ.ടി.എസ് തുൾസി വിരമിക്കുന്ന ഒഴിവിലാണ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here