കൊവിഡ് 19 വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്‍ അമേരിക്ക പരീക്ഷിച്ചു തുടങ്ങി

കൊവിഡ് വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. അമേരിക്കയിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണങ്ങള്‍ വിജയിച്ചാലും 12 മാസം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിന്‍ വിപണിയില്‍ ലഭ്യമാകൂ. മസാച്ചുസെറ്റ്സിലെ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, കേംബ്രിജിലെ ബയോടെക്നോളജി കമ്പനിയായ മോഡേണയുമായി ചേര്‍ന്നാണ് എംആര്‍എന്‍എ 1273 എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ വികസിപ്പിച്ചെടുത്തത്.
18 മുതല്‍ 55 വയസ് വരെയുള്ള 45 പേരിലാണ് വാക്സിന്‍ ആദ്യം പരീക്ഷിക്കുന്നത്. ഇതിന് ആറ് ആഴ്ച സമയമെടുക്കും. തിങ്കളാഴ്ചയാണ് ആദ്യത്തെയാളില്‍ വാക്‌സിന്‍ പ്രയോഗിച്ചതെന്നും യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റ് പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ ആഗോള അടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകൂ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിന്‍ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ഗിലീഡ് സയന്‍സസ് വികസിപ്പിച്ചെടുത്ത റെംഡെസിവിര്‍ എന്ന മരുന്ന് ഏഷ്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്-19 രോഗത്തെ ചെറുക്കുന്നതായി ചൈനയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here