കൊവിഡ് 19: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകളില്ല: 25603 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

25603 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 57 പേരെയാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7861 പേരെ ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

2550 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. അതില്‍ 2140 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സുപ്രിംകോടതിയും ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയത് ഊര്‍ജം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണം. ഒരോ പ്രദേശത്തും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും വൈകുന്നേരം വരെ ഒപി ഉണ്ടാകും. ഇവിടങ്ങളില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഴുത് അടച്ച് ശക്തിപ്പെടുത്തും.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട മത, സാംസ്‌കാരിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആരാധനാലയങ്ങളില്‍ വലിയ രീതിയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാവരും പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top