കൊവിഡ് 19: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം. സ്വകാര്യ കമ്പനികളുടെ ആസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ ഹാജരാകാന്‍ പാടില്ല. ബ്രാഞ്ചുകളില്‍ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കണം. നേരത്തെ സൗദിയിലെ പള്ളികളില്‍ നിസ്കാരം നിര്‍ത്തലാക്കിയിരുന്നു. 171 പേര്‍ക്കാണ് സൗദിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് പടർന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് പരമാവധി ആള്‍ക്കൂട്ട സാധ്യതകള്‍ ഒഴിവാക്കാൻ ശ്രമിക്കുകയാണ് അധികൃതർ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി തൊഴില്‍ മാനവശേഷി വികസന വകുപ്പ് നിര്‍ദേശം നൽകി. 15 ദിവസത്തേക്കാണ് നിയന്ത്രണം. ഇതുപ്രകാരം സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പൂര്‍ണമായും വിട്ട് നില്‍ക്കണം. ബ്രാഞ്ചുകളിലും ഓഫീസുകളിലും മറ്റും 40-ല്‍ കൂടുതല്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാന്‍ പാടില്ല. ജോലിക്കെത്തുന്നവര്‍ സുരക്ഷാ മാര്‍ഗ നിർദേശങ്ങള്‍ പാലിക്കണം.

Read Also : കൊവിഡ് 19 : സൗദിയിലെ പള്ളികളിൽ നിസ്‌കാരം നിർത്തലാക്കി

എല്ലാ ജീവനക്കാര്‍ക്കും ദിവസവും കൊറോണ സ്ക്രീനിംഗ് നടത്തണം. ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. ഗര്‍ഭിണികള്‍ക്കും, രോഗികള്‍ക്കും, 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 14 ദിവസത്തെ അവധി നൽകണം. വെള്ളം, വൈദ്യുതി, ടെലി കമ്മ്യൂണിക്കേഷന്‍സ്, ഭക്ഷണം, മരുന്ന്, കാര്‍ഗോ തുടങ്ങിയ മേഖലകള്‍ക്ക് ഇളവുണ്ട്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികള്‍ ഒഴികെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ ഉള്‍പ്പെടെയുള്ള എല്ലാ നിസ്കാരങ്ങളും ഒഴിവാക്കി. മരണാനന്തര ചടങ്ങുകളില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്നും മയ്യിത്ത് നിസ്കാരം സംസ്കാര ചടങ്ങിനോടനുബന്ധിച്ച് കബര്‍സ്ഥാനില്‍ വച്ചു നിര്‍വഹിക്കണം എന്നും നിര്‍ദേശമുണ്ട്. 38 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 171 ആയി.

Story Highlights : Covid 19, coronavirus, Regulation of Private Institutions in Saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top