Advertisement

‘ക്യാൻസർ സുഖപ്പെടുത്തിയത് ഗോമൂത്രം’; അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ്യസഭയിൽ

March 19, 2020
0 minutes Read

തൻ്റെ ക്യാൻസർ സുഖപ്പെടുത്തിയത് ഗോമൂത്രമാണെന്ന അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കർ ഫെർണാണ്ടസ് രാജ്യസഭയിൽ. ഗോമൂത്രത്തിൻ്റെ ഗുണങ്ങളെ പറ്റി വാചാലനായ അദ്ദേഹം ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും വ്യക്തമാക്കി.

മീററ്റിലെ ആശ്രമം സന്ദർശിച്ചപ്പോൾ അവിടുത്തെ സന്യാസി ഗോമൂത്രം സേവിച്ചാൽ ക്യാൻസർ ഭേദമാകുമെന്ന് പറഞ്ഞു. അത് താൻ പാലിച്ചു. തുടർന്ന് ക്യാൻസർ ഭേദമായെന്ന് ഫെർണാണ്ടസ് പറഞ്ഞു. ഹോമിയോപ്പതിക്ക് ദേശീയ കമ്മീഷന്‍ രൂപീകരണം, ഇന്ത്യന്‍ ചികിത്സാ സമ്പ്രദായം വികസനം എന്നീ ബില്ലുകളിന്മേല്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഫെർണാണ്ടസ് ഗോമൂത്രത്തെ പ്രശംസിച്ച് പ്രഭാഷണം നടത്തിയത്.

ഇന്ത്യൻ ചികിത്സാ രീതികളെയും ഫെർണാണ്ടസ് പുകഴ്ത്തി. വജ്രാസന ആരംഭിച്ചതോടെ ഒരു ബുദ്ധിമുട്ടുമില്ലാതെ ആരുമായും ഗുസ്തി പിടിക്കാൻ തനിക്ക് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി വാജ്പേയ്ക്ക് കാൽമുട്ട് ശസ്ത്രക്രിയ വേണമെന്ന് താൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അത് സമ്മതിക്കുമായിരുന്നില്ല. ശസ്ത്രക്രിയ ചെയ്യാതെ തന്നെ വജ്രാസനം ചെയ്യാൻ അദ്ദേഹത്തോട് താൻ ഉപദേശിക്കുമായിരുന്നു എന്നും ഫെർണാണ്ടസ് വ്യക്തമാക്കി.

കൊവിഡ് 19 ഉൾപ്പെടെയുള്ള അസുഖങ്ങൾ ഗോമൂത്രം ഭേദപ്പെടുത്തുമെന്ന് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തൻ്റെ ക്യാൻസർ മാറ്റിയത് ഗോമൂത്രമാണെന്ന് ഭോപ്പാൽ എംപിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി നേതാവുമായ പ്രഗ്യ സിംഗ് താക്കൂർ അവകാശപ്പെട്ടിരുന്നു. ഇതിനെയൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനിടയിലാണ് പുതിയ അവകാശവാദവുമായി ഓസ്കർ ഫെർണാണ്ടസ് രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top