കൊറോണ നിരീക്ഷണത്തിലിരിക്കെ കോഴിക്കോട്ട് നിന്ന് കടന്ന അസം സ്വദേശിയെ കണ്ടെത്തി

കൊറോണ നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് രാമാനാട്ടുകരയിൽ നിന്ന് കടന്നുകളഞ്ഞ അസം സ്വദേശിയെ കണ്ടെത്തി. നാട്ടിലേയ്ക്ക് പോകുന്നതിനിടെ ട്രെയിനിൽ നിന്നാണ് അസം പൊലീസും റെയിൽവേ അധികൃതരും ചേർന്ന് പിടികൂടിയത്.

ബംഗാളിൽ നിന്ന് കാഞ്ചൻജംഗ എക്സ്പ്രസിലാണ് ഇയാൾ നാട്ടിലേയ്ക്ക് യാത്രതിരിച്ചത്. ഇതിനിടെ അസമിലെ ന്യൂ ബോങ്ഗായിഗോൺ സ്റ്റേഷനിൽവച്ച് പിടികൂടുകയായിരുന്നു. കൊറോണ നിരീക്ഷണത്തിലായിരുന്ന ഇയാളെ വീണ്ടും ഐസോലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അസം സ്വദേശി സഞ്ചരിച്ചിരുന്ന കോച്ച് അണുവിമുക്തമാക്കി. അതേസമയം, ഈ കോച്ചിൽ സഞ്ചരിച്ചിരുന്നവരെ ക്വാറന്റീൻ ചെയ്തിട്ടില്ല.

രാമാനാട്ടുകര വൈദ്യരങ്ങാടിയിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന ഇയാൾ താമസസ്ഥലത്ത് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മാർച്ച് 16-നാണ് കടന്നുകളഞ്ഞത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബംഗാൾ, ഒഡീഷ സ്വദേശികളും അന്നേദിവസം രാമാനാട്ടുകരയിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. പൊലീസും റെയിൽവേ അധികൃതരും സംയുക്തമായാണ് ഇവർക്കായി അന്വേഷണം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top