ഉപേക്ഷിക്കപ്പെട്ട വീപ്പയില്‍ നിന്ന് കൈ കഴുകാനുള്ള സംവിധാനം; ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായി ട്വന്റിഫോറും

കൊവിഡ് 19 പശ്ചാത്തലത്തില്‍ വൈറസ് പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിന്‍ ചലഞ്ചിന്റെ ഭാഗമായി ട്വന്റിഫോര്‍ ന്യൂസും. പദ്ധതിയുടെ ഭാഗമായി ട്വന്റിഫോര്‍ ന്യൂസിന്റെ തിരുവനന്തപുരം റീജ്യണല്‍ ഓഫീസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കാനുള്ള സംവിധാനം ഒരുക്കി വ്യക്തി ശുചിത്വം പാലിക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാട്ടുകയാണ് ട്വന്റിഫോര്‍.

കൊറോണയെ ചെറുക്കാന്‍ മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ വ്യക്തി ശുചിത്വം ഉറപ്പുവരുത്തി വൈറസ് പടരുന്നത് ചെറുക്കുകയേ മാര്‍ഗമുള്ളു. ഇതിന്റെ ഭാഗമായി പുറത്തു നിന്ന് വരുന്ന ഗസ്റ്റുകളടക്കമുള്ളവരും ഷൂട്ട് കഴിഞ്ഞു വരുന്നവരും കൈ കഴുകി ഓഫീസിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യമാണ് ട്വന്റിഫോറില്‍ ഒരുക്കിയിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട വീപ്പയില്‍ നിന്നാണ് ഈ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ഇലക്ട്രീഷ്യന്‍ ആദര്‍ശാണ് ഈ സംവിധാനത്തിന് പിന്നില്‍. വ്യക്തിശുചിത്വത്തിന്റെ നല്ല മാതൃക തീര്‍ക്കാന്‍ അധികം ചെലവ് വേണ്ടെന്ന ഉദാഹരണമാണ് ഇതുവഴി ആദര്‍ശ് കാണിച്ചു തന്നത്. റിസപഷനില്‍ സാനിറ്റൈസറും ഒരുക്കിയിട്ടുണ്ട്.

ട്വന്റിഫോര്‍ തിരുവനന്തപുരം ഓഫിസിനൊപ്പം കാക്കനാട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടക്കമുള്ള ട്വന്റിഫോറിന്റെ എല്ലാ ഓഫിസുകളിലും സാനിറ്റൈസര്‍ വിതരണം ചെയ്തിട്ടുണ്ട്. ആളുകള്‍ കൂടുന്നത് കുറയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഷിഫ്റ്റുകള്‍ ക്രമീകരിച്ചും, വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയും കൊവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാകുകയാണ് ട്വന്റിഫോര്‍.

ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുമായി ഭാഗമായി പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ വിഡിയോകളും പ്രത്യേക വാര്‍ത്താ ബുള്ളറ്റിനുകളും ട്വന്റിഫോര്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ‘ബ്രേക്ക് ദി ചെയിന്‍’ ക്യാമ്പെയിനില്‍ പൊതു ജനപങ്കാളിത്തവും ഉറപ്പുവരുത്തി കൊറോണയ്‌ക്കെതിരായ പോരാട്ടവുമായി മുന്നോട്ടുപോവുകയാണ് ട്വന്റിഫോര്‍.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top