ഓഗ്ബച്ചെയും സിഡോഞ്ചയും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ട്

ക്യാപ്റ്റൻ ബാർതലോമ്യു ഓഗ്ബച്ചെയും മധ്യനിര താരം സെർജിയോ സിഡോഞ്ചയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ട്. ഇരു താരങ്ങളുമായും ക്ലബ് കരാർ പുതുക്കി. ഇരുവരെയും കൊണ്ടുവന്ന ഈൽകോ ഷറ്റോരി ക്ലബ് വിടുകയാണെന്ന വാർത്തകൾക്കിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

ജംഷഡ്പൂർ എഫ്സിയിൽ നിന്ന് കഴിഞ്ഞ സീസണിലാണ് സിഡോഞ്ച ബ്ലാസ്റ്റേഴ്സിലെത്തിയത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 13 മത്സരങ്ങൾ കളിച്ച സ്പാനിഷ് താരം മൂന്ന് അസിസ്റ്റും  ഒരു ഗോളും നേടി. അത്ര മികച്ച പ്രകടനമല്ല അദ്ദേഹം നടത്തിയതെങ്കിലും ക്ലബ് താരത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. ഒരു വർഷത്തെ കരാറാണ് സിഡോഞ്ചക്ക് നൽകിയിരിക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിലൂടെ വളർന്നുവന്ന താരമാണ് സിഡോഞ്ച. അത്ലറ്റിക്കോ മാഡ്രിഡ് ബി, സി എന്നീ ടീമുകൾക്കായി കളിച്ചു. 2018-19 സീസണിൽ ജംഷഡ്പൂർ മധ്യനിരയിലെ പ്രധാനിയായിരുന്നു താരം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഓഗ്ബച്ചെ കേരളത്തിൽ എത്തിയത്. നോർത്തീസ്റ്റിൽ നിന്ന് ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയൻ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെന്നാണ് വിവരം. സീസണിൽ 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലായിരുന്നു ഓഗ്ബച്ചെ. ബ്ലാസ്റ്റേഴ്സിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഓഗ്ബച്ചെ സ്വന്തമാക്കിയിരുന്നു.

പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top